ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റേതായ സ്ഥാനം നിലനിർത്തുന്ന താരമാണ് നയൻതാര. അതുകൊണ്ട് തന്നെ തമിഴിലെ ലേഡി സൂപ്പർസ്റ്റാറിനെ തേടിയെത്തുന്നതും നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ തന്നെയാണ്. ചിത്രത്തിന്റെ കഥ കേൾക്കുന്നതിനും പ്രതിഫലം നിശ്ചയിക്കുന്നതിലും താരത്തിന് ഉപാധികളുണ്ട്.
എന്നാൽ നയൻസിന്റെ പുതിയ ചിത്രമായ 'വിശ്വാസ'ത്തിന് താരം ഡേറ്റ് നൽകിയിരിക്കുന്നത് കഥ കേൾക്കാതെയും പ്രതിഫലത്തെക്കുറിച്ച് ചർച്ച ചെയ്യാതെയുമാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ നായകൻ അജിത് ആണ് ഇതിന് കാരണം. തമിഴ് മാഗസിനായ ആനന്ദവികടനാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന താരം 'വിശ്വാസ'ത്തിന് ഡേറ്റ് തരുമോ എന്ന സംശയത്തോടെയാണ് അണിയറപ്രവർത്തകർ താരത്തെ സന്ദർശിച്ചത്. എന്നാൽ നായകൻ അജിത് ആണെന്നറിഞ്ഞതോടെ കൂടുതൽ കാര്യങ്ങൾ ഒന്നും അറിയേണ്ട എന്നായിരുന്നു നയൻതാരയുടെ പ്രതികരണം. കൂടാതെ തന്റെ ഡേറ്റുകൾ അഡ്ജസ്റ്റ് ചെയ്യാനും നയൻതാര തയ്യാറായി. നയന്‍സിന് അജിത്തിനോടുള്ള വിശ്വാസവും ബഹുമാനവുമാണ് ഇതിന് കാരണമെന്നാണ് 'വിശ്വാസം' ടീം കരുതുന്നത്. നയൻതാരയും അജിത്തും ഒരുമിച്ച് അഭിനയിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും 'വിശ്വാസം'.