'പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ, സുഹൃത്തുക്കള്‍ തന്നെയാണ് എന്നെ ചതിച്ചത്'; തുറന്നടിച്ച് അമൃത

നിഹാരിക കെ.എസ്

ശനി, 29 മാര്‍ച്ച് 2025 (11:29 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അമൃത. കുടുംബവിളക്ക്, ഗീതാഗോവിന്ദം തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് അമൃത പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സൗഹൃദങ്ങളെ കുറിച്ചും സുഹൃത്തുക്കള്‍ തന്നെ ശത്രുക്കളായി മാറിയതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സീരിയല്‍ ടുഡേ എന്ന യൂട്യൂബ് ചാനലിനോടാണ് അമൃതയുടെ പ്രതികരണം. 
 
കൂടെ നിന്നവര്‍ തന്നെയാണ് തനിക്ക് പണി തന്നിട്ടുള്ളത് എന്ന് അമൃത പറയുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തവര്‍ പോലും തന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും നടി വ്യക്തമാക്കി. തന്റെ വർക്കുകൾ സുഹൃത്തുക്കൾ തന്നെ ഇല്ലാതാക്കുന്നുണ്ടെന്നും അമ്മ മാത്രമാണ് എപ്പോഴും കൂടെ നിന്നിട്ടുള്ളതെന്നും അമൃത പറയുന്നു.
 
'ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ മോശപ്പെട്ട അനുഭവമാണ് ഉണ്ടായത്. ലൊക്കേഷനിലേക്ക് ഫസ്റ്റ് വര്‍ക്കിനായി വന്നതാണ്. എനിക്ക് ലൊക്കേഷനിലെ കാര്യങ്ങള്‍ എങ്ങനെയാണ് എന്നോ അഭിനയിക്കുന്നത് എങ്ങനെയാണ് എന്നോ ഒന്നും അറിയില്ല. ക്യാമറ ഇവിടെ വെക്കുന്നു, നമ്മള്‍ എങ്ങോട്ട് നോക്കണം, തിരിയണം എന്നൊന്നും എനിക്ക് അറിയില്ല. ഷോട്ടില്‍ നില്‍ക്കുന്ന സമയത്ത് ഒന്ന് രണ്ട് വലിയ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു.
 
അവരുടെ മുമ്പില്‍ വെച്ച് തെറ്റുകയോ ഞാന്‍ ചിരിക്കുകയോ എന്തോ ചെയ്തു. ചിരിച്ചപ്പോള്‍ അസോസിയേറ്റ് ഭയങ്കര മോശമായിട്ട് സംസാരിച്ചു. ഒരും മോശം വാക്ക് ഉപയോഗിച്ചു. എനിക്ക് അന്ന് 20 വയസോ മറ്റോ ഉള്ളൂ. കാണുമ്പോള്‍ ഭയങ്കര ചെറുതാണ്. ഒരു പെണ്‍കുട്ടിയോട് സംസാരിക്കേണ്ട രീതിയില്‍ അല്ല അയാള്‍ സംസാരിച്ചത്. പിന്നീട് വന്ന സോറിയൊക്കെ പറഞ്ഞാല്‍ പോലും ആ ക്രൂവിന്റെ മുന്നില്‍ വെച്ചിട്ടാണല്ലോ അങ്ങനെ പെരുമാറിയത്.
 
ആറേഴ് മാസം മുന്‍പ് ഞാന്‍ പുള്ളിയെ കണ്ടിരുന്നു. സംസാരിച്ചൊന്നുമില്ല. എന്നെ കണ്ടാല്‍ ചിലപ്പോള്‍ മനസിലായി കാണില്ല. അന്നത്തെ കോലത്തില്‍ നിന്ന് ഒരുപാട് മാറിപോയി. ഇപ്പോള്‍ സ്‌കിന്‍ കെയറൊക്കെ ചെയ്ത് മാറിയതാണ്. ഞാന്‍ അങ്ങനെ വലിയ സൗഹൃദവലയമൊന്നും ഉള്ള ആളല്ല. ഇന്‍ഡസ്ട്രിയില്‍ വന്നപ്പോഴാണ് സൗഹൃദങ്ങള്‍ കൂടുതലും ലഭിച്ചത്. അത് ഗേള്‍സ് തന്നെയായിരുന്നു. അത്യാവശ്യം നല്ല കൂട്ടുകാരുണ്ടായിരുന്നു. പിന്നീട് അത് ചുരുങ്ങി ചുരുങ്ങി വന്ന് രണ്ടോ മൂന്നോ പേരിലേക്ക് മാറി. 
 
എന്റെ അനുഭവം വെച്ച് ഒരു പെണ്ണിന്റെ ശത്രു മറ്റൊരു പെണ്ണാണ്. നമ്മുടെ കൂടെ നില്‍ക്കുന്ന ആള്‍ക്ക് ഉയര്‍ച്ച വരാന്‍ കൂടെ നില്‍ക്കുന്നവര്‍ക്ക് ഇഷ്ടപ്പെടില്ല. അങ്ങനെയാണ് ഞാന്‍ കൂടുതലും കണ്ടിട്ടുള്ളത്. എന്റെ സുഹൃത്തുക്കള്‍ തന്നെയാണ് എന്നെ ചവിട്ടിയിടാന്‍ നോക്കിയിട്ടുള്ളത്. ഇപ്പോഴും അവര്‍ എന്റെ വര്‍ക്കുകള്‍ കളയുന്നുണ്ട്. മോശം കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നുണ്ട്. ഞാന്‍ അതൊന്നും നോക്കില്ല. ഞാന്‍ എന്റെ ജോലി നോക്കുന്നു. പക്ഷെ ആളുകള്‍ ഇങ്ങനെ പറയും, അമൃത നിന്നെ കുറിച്ച് ആ ആള്‍ ഇങ്ങനെ പറഞ്ഞല്ലോ നിങ്ങള്‍ വലിയ കമ്പനിയായിരുന്നല്ലോ എന്നൊക്കെ. ഞാന്‍ അതാരോടും ചോദിക്കാന്‍ പോകാറില്ല. എന്നെ കുറിച്ച് നെഗറ്റീവ് പറയുമ്പോള്‍ അവര്‍ക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടിക്കോട്ടെ', അമൃത പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍