പൃഥ്വിയും മമ്മൂട്ടിയും പറയുന്നത് കള്ളം, ഇതാണ് സത്യം; അവകാശ വാദവുമായി മോഹൻലാൽ ഫാൻസ്

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (15:42 IST)
മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദർ കുതിപ്പു തുടരുകയാണ്. സമാനതകളില്ലാത്ത വിജയമാണ് മമ്മൂട്ടിയുടെ ഈ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഈ ഓട്ടമത്സരത്തിൽ ഡേവിഡ് നൈനാനോടൊപ്പമെത്താൻ ആരുമില്ല. പിടിച്ചു നിർത്താൻ ആരൊക്കെ ശ്രമിച്ചാലും നടക്കില്ലെന്ന് സാരം. 
 
ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ റെക്കോർഡിനെ ചൊല്ലിയുള്ള ഫാന്‍സ് പോര് കൂടുകയാണ്. ഗ്രേറ്റ് ഫാദറിന്റെ റെക്കോർഡ് തെറ്റാണെന്ന പരസ്യ വെല്ലുവിളിയുമായി മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തി. ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡുകൾ പൃഥ്വിരാജും മമ്മൂട്ടിയും ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു.
 
ഒരു തരത്തിലും വിശ്വസിക്കാനോ സാധൂകരിക്കാനോ കഴിയാത്ത കണക്കുകളാണ് ഗ്രേറ്റ് ഫാദര്‍ ടീം തരുന്നതെന്നും മോഹന്‍ ലാല്‍ ഫാന്‍സ് പറയുന്നു. മോഹൻലാൽ ഫാൻസ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇവർ മമ്മൂട്ടി ഫാൻസിനെ വെല്ലുവിളിച്ചിരിയ്ക്കുന്നത്.
 
മോഹൻലാൽ ഫാൻസിന്റെ ചോദ്യങ്ങൾ ഇവയാണ്:
 
കേരളത്തില്‍ 306 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത കബാലി 1140 പ്രദര്‍ശനങ്ങള്‍ 99 % ഒക്യൂപന്‍സിയില്‍ കളിച്ചാണ്. 4 കോടി 27 ലക്ഷം രൂപ കളക്ഷന്‍ നേടിയത്. 202 സ്‌ക്രീനില്‍ 98 % ഒക്യൂപന്‍സിയില്‍ കളിച്ചു എന്ന് അവകാശപ്പെടുന്ന ഗ്രേറ്റ് ഫാദര്‍ എങ്ങനെയാണു കബലിയെക്കാളും 4 ലക്ഷം കൂടുതല്‍ നേടുന്നത്?
 
958 ഷോ ആദ്യ ദിവസം കളിച്ചു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രമുഖ ട്രാക്കിംഗ് സൈറ്റുകള്‍ എല്ലാം നല്‍കുന്ന മാക്‌സിമം ഷോ കൌണ്ട് 860 വരെ ആണ്. കബാലിയെക്കാള്‍ 250 ഓളം ഷോ കുറച്ചു കളിച്ച ഗ്രേറ്റ് ഫാദര്‍ എങ്ങനെ കബലിയെ തകര്‍ത്തു?
 
ആദ്യദിനം 99 % ഒക്യൂപന്‍സിയില്‍ 879 ഷോകളാണ് ആണ് പുലി മുരുകന്‍ കളിച്ചത്. അപ്പോള്‍ അത്രയും പ്രദര്‍ശനങ്ങളില്ലാതെ ഗ്രേറ്റ് ഫാദര്‍ പുലി മുരുഗനെക്കാള്‍ 26 ലക്ഷം രൂപ കൂടുതല്‍ നേടുന്നതെങ്ങനെ?
 
4 ദിവസം കൊണ്ട് ഗ്രേറ്റ് ഫാദര്‍ 20 കോടി നേടിയെന്നാണ് അവകാശവാദം. അതായതത് ആദ്യ ദിനം നേടിയതിനേക്കാള്‍ ഉയര്‍ന്ന കളക്ഷന്‍ ആണ് പിന്നീടുള്ള ദിവസങ്ങളില്‍ നേടിയതായി പറയുന്നത്. പക്ഷെ രണ്ടാം ദിവസം മുതല്‍ ശരാശരി 500 ഷോകള്‍ മാത്രമേ ചിത്രം കളിച്ചിട്ടുള്ളു. ഗ്രേറ്റ് ഫാദര്‍ ടീം പറയുന്ന ആദ്യ ദിവസത്തെ 958 ഷോയും കളക്ഷനും ഒരു വാദത്തിനു വേണ്ടി ശരി ആണെന്ന് സമ്മതിച്ചാല്‍ തന്നെ അതിന്റെ പകുതിയോളം മാത്രം പ്രദര്‍ശിപ്പിച്ച പിന്നീടുള്ള ദിവസങ്ങളില്‍ അതിന്റെ മുകളില്‍ കളക്ഷന്‍ എങ്ങനെ വന്നു?
 
ഇത്രയും കളക്ഷന്‍ ഉള്ള സിനിമക്ക് മൂന്നാം ദിവസം മാത്രം വന്നത് 50ലധികം റിമൂവല്‍സ് ആണ്. അതിനെ എങ്ങനെ ആണ് ന്യായീകരിക്കുക?
Next Article