ടൊവിനോ വീണ്ടും തകർത്തു, മറഡോണ ഒരു കിടിലൻ പടം!

എസ് ഹർഷ

വെള്ളി, 27 ജൂലൈ 2018 (15:26 IST)
ഷൂട്ടിംഗ് പൂർത്തിയായ ശേഷവും ഒരുപാട് നാൾ പെട്ടിക്കുള്ളിൽ ഇരുന്ന ‘മറഡോണ’ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മറഡോണ എന്ന പേര് കേൾക്കുമ്പോൾ സിനിമയ്ക്ക് ഫുട്ബോളുമായി വല്ല ബന്ധവും ഉണ്ടോയെന്ന് സംശയിച്ച് പോകുന്നത് സ്വാഭാവികം. എന്നാൽ, ടൊവിനോയുടെ മറഡോണയ്ക്ക് ഫുട്ബോളുമായി ഒരു ബന്ധവുമില്ല. നായകന്റെ പേരു മാത്രമാണത്. 
 
ദിലീഷ് പോത്തന്റെ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന വിഷ്ണു നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പോത്തേട്ടൻ ബ്രില്യൻസ് കുറച്ചൊക്കെ ശിഷ്യനും കിട്ടിയിട്ടുണ്ടെന്ന് പറയാം. തുടക്കം മുതൽ കഥാപാത്രത്തിനും കഥയ്ക്കും ഓരോ സന്ദർഭങ്ങൾക്കും ഡീറ്റെയിൽഡ് ആയിട്ടുള്ള നരേഷൻ ആണ് നൽകിയിരിക്കുന്നത്. 
 
ടൊവിനോയുടെ മറഡോണ എന്ന കഥാപാത്രത്തിന്റെ ഇമോഷണൽ ജേർണിയാണ് ചിത്രം പറയുന്നത്. സാധാരണ സിനിമകളിലെ നായകന്മാരെല്ലാം നന്മകൾ നിറഞ്ഞവരാണല്ലോ. ഗതികേടുകൾ കൊണ്ടെങ്ങാനും ക്രിമിനൽ ആയാലും ഉള്ളിന്റെയുള്ളിലെ നന്മ അങ്ങനെ തന്നെ വരച്ച് കാണിക്കപ്പെടുന്ന നായകന്മാർ. 
 
എന്നാൽ, മറഡോണയിൽ ആ നന്മ പ്രതീക്ഷിക്കണ്ട. സംവിധായകനും തിരക്കഥാക്രത്തും നായകന് ആ നന്മ മുഖം നൽകുന്നില്ല. ‘താൻ ഒരു ഡയറക്ടേഴ്സ് ആക്ടർ‘ ആണെന്ന് ടൊവിനോ പലപ്പോഴും പറഞ്ഞത് തന്നെയാണ് ഇവിടെയും വ്യക്തമാകുന്നത്. 
 
ചെയ്യുന്ന തല്ലിപ്പൊളി ആക്റ്റിവിറ്റികൾക്ക് യാതൊരു ന്യായീകരണങ്ങളുമില്ലാത്ത ക്രിമിനൽ കൂട്ടുകെട്ടാണ്മറഡോണയും സുധിയും. യൂക്ലാമ്പ്-ടിറ്റോവിൽസൺ ആണ് മറഡോണയുടെ സന്തതസഹചാരി ആയ സുധി ആയിട്ടെത്തുന്നത്. വഴിയേ പോകുന്ന വയ്യാവേലി വിളിച്ച് തലയിൽ വെയ്ക്കുന്നതും അതിൽ നിന്നുമൂരാൻ ഇരുവരും ചെയ്തുകൂട്ടുന്ന അഭ്യാസങ്ങളുമാണ് സിനിമ പറയുന്നത്. 
 
ആദ്യ പകുതി കഴിയുമ്പോൾ കഥയിൽ ലയിച്ചിരിക്കും. പ്രഡിക്റ്റ് ചെയ്യാൻ കഴിയാത്ത ഒരു സ്ഥലത്താണ് ആദ്യ പകുതി സംവിധായകൻ അവസാനിപ്പിക്കുന്നത്. ആദ്യ പകുതിയെ അനുസരിച്ച് രണ്ടാം പകുതിയിൽ ബ്രില്യൻസ് കുറച്ച് കുറഞ്ഞുപോയെന്ന് തോന്നാം. ക്ലൈമാക്സിലെത്തുമ്പോൾ തീർത്തും ക്ലാസ് ആയി സ്ക്രിപ്റ്റും സംവിധായകനും ബ്രില്യൻസ് വീണ്ടെടുക്കുന്നുണ്ട്. 
 
ടൊവിനോയും ടിറ്റോ വിൽ‌സണും സിനിമയിൽ നിറഞ്ഞു നിന്നു. ഒപ്പം, നായികയായി എത്തിയ ശരണ്യ ആർ നായരും. റാംബോ എന്ന പട്ടിയുടെ കാര്യവും എടുത്ത് പറയാതിരിക്കാൻ വയ്യ. മൊത്തത്തിൽ പൈസ വസൂൽ ആകുന്ന ചിത്രം തന്നെ ആണ് ‘മറഡോണ’. ധൈര്യപൂർവ്വം ടിക്കറ്റെടുക്കാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍