മോഹൻലാൽ നായകനായ ഒടിയൻ തിയേറ്ററിൽ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. റിലീസ് ദിനത്തിന്റെ അന്ന് ഏറെ വിമർശനത്തിനും ട്രോളുകൾക്കും സിനിമ വിധേയമായിരുന്നു. സംവിധായകൻ ശ്രീകുമാർ മേനോനെതിരെയായിരുന്നു ആരാധകർ രംഗത്തെത്തിയിയത്.
ട്രോൾ ചെയ്യപ്പെട്ടതിലെ ഏറ്റവും ശ്രദ്ധേയമായ ഡയലോഗ് ആണ് മഞ്ജു വാര്യർ മോഹൻലാലിനോട് ചോദിക്കുന്ന ‘കുറച്ച് കഞ്ഞിയെടുക്കട്ടെ മാണിക്യാ’ എന്ന ഡയലോഗ്. വികാരഭരിതമായ സീൻ നടക്കുന്നതിനിടയിലാണ് മഞ്ജുവിന്റെ പ്രഭ ആ ചോദ്യം ചോദിക്കുന്നത്. എന്നാൽ, ഈ ചോദ്യം അത്ര തമാശയായ കാര്യം അല്ലെന്ന് ഒടിയന്റെ എഴുത്തുകാരൻ ഹരിക്രഷ്ണൻ പറയുന്നു.
‘ആദ്യ തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം വാങ്ങിയ ആളാണ് ഞാൻ. ഒരു സംഭാഷണം എവിടെ എഴുതണമെന്ന് എനിക്ക് നന്നായി അറിയാം. ചിലപ്പോൾ സന്ദഭവുമായി യാതോരു ബന്ധവുമില്ലാതെ ചിൽ കാര്യങ്ങൾ നമ്മൾ ചോദിക്കാറില്ലേ? ‘ഞാനൊരു സിഗരറ്റ് വലിക്കട്ടേ, ഞാനൊരു ചായ കുടിക്കട്ടേ’ എന്നൊക്കെ. അത്തരത്തിൽ ഒന്നു മാത്രമാണ് ആ ഡയലോഗും’- ഹരി പറയുന്നു.
‘കഞ്ഞിയെടുക്കട്ടേയെന്ന് ചോദിച്ച് അകത്തേക്ക് പോയി തിരിച്ച് വരുമ്പോൾ കാണുന്ന ഒരു കാഴ്ച ഉണ്ട്. അതിനു വേണ്ടിയാണ് ആ ചോദ്യം ചോദിച്ചത്. വൈകാരികമായ ഒരു കൂടിക്കാഴ്ചയ്ക് ശേഷം പ്രഭ അകത്ത് പോയേ മതിയാകൂ. അവരുടെ ജീവിത സാഹചര്യം കണക്കിലെടുത്ത് അങ്ങനെയേ ചോദിക്കാനാവൂ. അല്ലാതെ ഞാനൊന്ന് റെസ്റ്റ് റൂമിൽ പോയിട്ട് വരട്ടേയെന്നോ ടിവി കണ്ടിട്ട് വരട്ടേയെന്നോ‘ പറയാൻ ആകില്ലല്ലോ എന്നും ഹരി ചോദിക്കുന്നു.