മോഹൻലാലിന്റെ വില്ലൻ, മമ്മൂട്ടിയുടെ അച്ഛനാകുന്നു; വൻ താരനിരയിൽ 'യാത്ര'!

Webdunia
ബുധന്‍, 4 ജൂലൈ 2018 (08:58 IST)
'അബ്രഹാമിന്റെ സന്തതികൾ' തിയേറ്ററുകൾ കീഴടക്കി വിജയം കൈവരിക്കുമ്പോൾ മമ്മൂട്ടി 'യാത്ര'യുടെ തിരക്കിലാണ്. ഒരുപാട് വർഷങ്ങൾക്ക് ശേഷം തെലുങ്ക് ലോകം കീഴടക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്‌റ്റാർ. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ്ആർ റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് 'യാത്ര'.
 
സിനിമയില്‍ മമ്മൂട്ടിയുടെ അച്ഛന്‍ വേഷത്തിലെത്തുന്ന താരത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. വൈഎസ്ആർ റേഡ്ഡിയുടെ വേഷത്തിൽ മമ്മൂട്ടി എത്തുമ്പോൾ അദ്ദേഹത്തിന്റെ അച്ഛനായ രാജറെഡ്ഡിയായെത്തുന്നത് ജഗപതി ബാബുവാണ്. ഈ പേരുകേട്ടാൽ ഒരുപക്ഷേ നിങ്ങൾക്ക് ആളെ പിടികിട്ടില്ല. എന്നാൽ പുലിമുരുകനിലെ ഡാഡി ഗിരിജ എന്ന പേരുകേട്ടാൽ മനസ്സിലാകാത്തവരായി ആരും കാണുകയും ഇല്ല.
 
മോഹൻലാലിന്റെ വില്ലൻ ഇപ്പോള്‍ മമ്മൂട്ടിയുടെ അച്ഛന്റെ വേഷത്തില്‍ എത്തുന്നു എന്നതും ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാണുന്നത്. യാത്രയില്‍ മമ്മൂട്ടിയ്ക്കൊപ്പം തമിഴ് നടന്‍ സൂര്യയുണ്ടാവുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വേഷത്തില്‍ സൂര്യ അഭിനയിക്കുന്നതായായിരുന്നു റിപ്പോർട്ടുകൾ. വൈഎസ്ആറിന്റെ മകള്‍ ഷാര്‍മിളയുടെ വേഷത്തില്‍ തെന്നിന്ത്യന്‍ നടി ഭൂമികയാണ് അഭിനയിക്കുന്നത്. ബാഹുബലിയിലൂടെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ആശ്രിത വെമുഗന്തിയാണ് വൈഎസ്ആറിന്റെ ഭാര്യ വിജയലക്ഷ്മിയുടെ വേഷത്തില്‍ എത്തുന്നത്. അതുപോലെ മലയാളത്തിന്റെ പ്രിയ നടി സുഹാസിനിയും സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article