മേളയിൽ നിറഞ്ഞ് മമ്മൂട്ടി ചിത്രം; പേരൻപിന് മികച്ച സ്വീകരണം

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (07:59 IST)
ഇന്ത്യയുടെ നാൽപ്പത്തിയൊമ്പതാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇത്തവണ അപൂര്‍വ്വതകളേറെ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും മലയാളികൾക്ക് ആവേശമായത് മറ്റൊന്നാണ്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മമ്മൂട്ടിയുടെ സിനിമയുടെ പ്രദര്‍ശനം.
 
പ്രതീക്ഷകളുണർത്തിയതുപോലെ തന്നെ ചിത്രത്തിന് വൻ സ്വീകരണം തന്നെയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ശനിയാഴ്‌ച തന്നെ അവസാനിച്ചിരുന്നു. പ്രീബുക്കിങ്ങിനായി മാറ്റിവച്ചിരിക്കുന്ന ടിക്കറ്റുകള്‍ വളരെ പെട്ടെന്നാണ് ഡെലിഗേറ്റുകള്‍ സ്വന്തമാക്കിയത്.
 
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഡെലിഗേറ്റുകളാണ് പേരന്‍പിന് വേണ്ടി പ്രീബുക്ക് ചെയ്തവരില്‍ ഭൂരിഭാഗവും. ഐനോക്‌സ് സ്‌ക്രീന്‍ രണ്ടില്‍ ഞായറാഴ്ച വൈകീട്ട് രാത്രി 8.30നാണ് ചിത്രത്തിന്റെ പ്രദർശിപ്പിച്ചത്. 256 സീറ്റുകളാണ് തിയ്യറ്ററില്‍ ആകെയുള്ളത്. ഇതിന്റെ 95 ശതമാനം സീറ്റുകളും പ്രീ-ബുക്കിംഗിന് വെച്ചിരുന്നു.
 
ദേശീയ അവാര്‍ഡ് ജേതാവായ മമ്മൂട്ടിയും റാമും ഒരുമിച്ചെത്തുന്ന സിനിമയാണ് പേരന്‍പ്. നീണ്ട ഇടവേള അവസാനിപ്പിച്ചാണ് അദ്ദേഹം തമിഴിലേക്കെത്തിയത്. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് അദ്ദേഹം ഈ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഞായറാഴ്ചയാണ് നടക്കുന്നത്.
 
ചിത്രത്തിന്റെ 147 മിനിറ്റ് ദൈര്‍ഘ്യമുള്ള സെന്‍സര്‍ കോപ്പിക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
 
ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയാക്കിയ സിനിമ ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ചിത്രത്തിലൂടെ ഇത്തവണത്തെ ദേശീയ അവാര്‍ഡ് മമ്മൂട്ടി സ്വന്തമാക്കുമെന്ന് പലരും പറഞ്ഞിരുന്നു. സിനിമ കണ്ടവരുടെ ഒക്കെ ഉള്ളിൽ ഒരു വിങ്ങലായി നോവായി അമുദവൻ ഉണ്ട്. 
 
അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പക്കാ ഫാമിലി എന്റർടെയന്ന്‌മെന്റാണ് ചിത്രമെന്നാണ് കേൾക്കുന്നത്. അഞ്ജലിയും പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്. 
 
ഈ വര്‍ഷം തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ദേശീയ അവാര്‍ഡ് മമ്മൂട്ടിയിലൂടെയാണെന്ന് തനിക്കുറപ്പുണ്ടെന്ന് ശരത് കുമാറും പറഞ്ഞിരുന്നു. സിദ്ധാർത്ഥ്, സത്യരാജ് എന്നിവരും മമ്മൂട്ടിക്ക് അവാർഡ് ലഭിക്കുമെന്ന് തന്നെയാണ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article