45 രാജ്യങ്ങളിൽ ഒരേദിവസം റിലീസ് ചെയ്ത ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ആദ്യദിനം റെക്കോർഡ് കളക്ഷൻ. ആദ്യ ദിനം 23 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. മികച്ച ഓപ്പണിംഗ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. 50 കോടി ബഡ്ജറ്റിലാണ് ചിത്രമൊരുക്കിയത്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന ചിത്രമായി മാമാങ്കം മാറിക്കഴിഞ്ഞുവെന്ന് സിനിമാപ്രേമികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിർമാതാവ് വേണു കുന്നപ്പള്ളി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 23 കോടി മാമാങ്കം നേടിക്കഴിഞ്ഞു. ഒരു മലയാള ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രത്തിന്റെ കളക്ഷനാണ് ഇതോടെ തകർന്നിരിക്കുന്നത്. 18 കോടിയാണ് ഒടിയൻ ആദ്യദിനം സ്വന്തമാക്കിയത്.
മലയാളത്തില്‍ ഇത്തരമൊരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച നിര്‍മ്മാതാവിനെ അഭിനന്ദിച്ച് താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. മലയാള സിനിമയില്‍ പുതുചരിത്രമായിരിക്കും മാമാങ്കം കുറിക്കുന്നതെന്ന തരത്തിലുള്ള പ്രവചനങ്ങളും വിലയിരുത്തലുകളും തുടക്കം മുതല്‍ത്തന്നെ പുറത്തുവന്നിരുന്നു. കലക്ഷനില്‍ മമ്മൂട്ടി നേടാന്‍ പോവുന്ന റെക്കോര്‍ഡുകളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.
അതേസമയം, മമ്മൂട്ടിയും സിദ്ദിഖും അടക്കം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ വിജയാഘോഷം ആരംഭിച്ച് കഴിഞ്ഞു. കേക്ക് മുറിച്ചാണ് മാമാങ്കം ടീം വിജയം ആഘോഷിക്കുന്നത്.