ഇനി ചോദ്യമില്ല, 'എന്റെ കർണ്ണൻ മമ്മൂട്ടി തന്നെ'!

ബുധന്‍, 14 നവം‌ബര്‍ 2018 (11:16 IST)
'കർണ്ണൻ' എന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ചിത്രത്തിലെ നായകൻ ആരാണെന്നതിനെക്കുറിച്ചായിരുന്നു സിനിമാ പ്രേമികളുടെ ആശങ്ക. മമ്മൂട്ടിയാണോ അതോ മോഹൻലാലാണോ എന്നത് തന്നെയായിരുന്നു എല്ലാവർക്കും ഉണ്ടായിരുന്ന സംശയവും. ഇരുവരുടേയും പേര് പല കോണുകളിൽ നിന്നായി ഉയർന്ന് കേൾക്കുകയും ചെയ്‌തിരുന്നു.
 
എന്നാൽ സംശയങ്ങൾക്കെല്ലാം മറുപടിയായി 'കർണ്ണന്റെ' തിരക്കഥാകൃത്ത് പി ശ്രീകുമാർ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടി കർണ്ണനായി അഭിനയിച്ച് കാണണമെന്നാണ് എന്റെ ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കുകയാണ്. ഈ തിരക്കഥ ഉപയോഗിച്ച് ചിത്രം ചെയ്യാൻ പല തവണ ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറയുന്നു.
 
'മമ്മൂട്ടി അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം അപ്പോള്‍ പൊള്ളാച്ചിയില്‍ നടക്കുകയായിരുന്നു. അതില്‍ തിലകനും വേഷമുണ്ട്. തനിക്ക് ഇനിയും ഒരു ദേശീയ അവാര്‍ഡ് വാങ്ങണമെന്ന ആഗ്രഹമുണ്ടെങ്കില്‍ തിരുവനന്തപുരത്തുകാരന്‍ ശ്രീകുമാര്‍ എഴുതിയ ഒരു തിരക്കഥ വായിച്ചുനോക്കാനാണ് മമ്മൂട്ടിയോട് തിലകന്‍ പറയുകയായിരുന്നു. പിന്നാലെ മമ്മൂട്ടിയുടെ വിളിയെത്തി, പൊള്ളാച്ചിയില്‍ എത്താന്‍. ആ രാത്രി മുഴുവന്‍ മമ്മൂട്ടിയുടെ മുറിയിലിരുന്ന് തിരക്കഥ വായിച്ചു. 
 
പുലര്‍ച്ചെയായപ്പോഴേക്ക് അദ്ദേഹം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. മമ്മൂട്ടി മദ്രാസില്‍ പോയി ഹരിഹരനോട് ഈ തിരക്കഥയുടെ കാര്യം പറഞ്ഞു. ഉടനെ പോയി ഈ സ്ക്രിപ്റ്റ് കേള്‍ക്കണമെന്നും ഇത് സിനിമയാക്കണമെന്നും പറഞ്ഞു. അങ്ങനെ ഹരിഹരന്‍ തിരുവനന്തപുരത്തെത്തി. തിരക്കഥ കേട്ടു. അസാധ്യ തിരക്കഥയാണ്, നമ്മളിത് ചെയ്യുന്നുവെന്ന് പറഞ്ഞു. അദ്ദേഹം ഗുഡ്നൈറ്റ് മോഹനോട് ഈ സിനിമ സംസാരിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ മോഹന്‍ അന്ന് ചെയ്ത ഹിന്ദി ചിത്രം പരാജയപ്പെട്ടത് അദ്ദേഹത്തിന് സാമ്പത്തികബാധ്യത ഉണ്ടാക്കിയിരുന്നു' അതുകൊണ്ടായിരുന്നു അന്ന് ചിത്രം മുടങ്ങിയത്.
 
'ചിത്രം നിർമ്മിക്കുന്നതിനായി പല തവണ ശ്രമിച്ചു, നടന്നില്ല. ഒരു പ്രൊഡ്യൂസറെ കിട്ടാൻ മമ്മൂട്ടിയും പല വഴി ശ്രമിച്ചു. പല കാരണങ്ങൾ കൊണ്ട് അതും നടന്നില്ല. ഒരു നിർമാതാവ് ഏറ്റെടുക്കാൻ തയ്യാറായി വന്നാൽ താൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പടത്തിൽ നിന്നും മൂന്നാമത്തെ പടമായി കർണൻ ചെയ്യാം എന്ന് മമ്മൂട്ടി തനിക്ക് വാക്ക് തന്നിട്ടുണ്ടെന്നും പി ശ്രീകുമാർ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍