വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം പുലിമുരുകൻ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. പല കളക്ഷൻ റെക്കോർഡുകളും മറികടന്നാണ് ചിത്രം മുന്നേറുന്നത്. പുലിമുരുകനാണ് മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം എന്നാണ് പലരുടെയും ധാരണ. ബിഗ് ബജറ്റ് ചിത്രം എന്ന് പറഞ്ഞായിരുന്നു ആരാധകരും ചിത്രത്തെ പ്രശംസിച്ചത്.
എന്നാൽ, മലയാളത്തിൽ റിലീസ് ചെയ്തതിൽ വെച്ച് ഏറ്റവും മുടക്ക്മുതൽ വേണ്ടിവന്നത് പുലിമുരുകനല്ല. ഹരിഹരൻ സംവിധാനം ചെയ്ത പഴശ്ശിരാജ എന്ന മമ്മൂട്ടി ചിത്രമാണ് മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം. 25 കോടിയാണ് പുലിമുരുകന്റെ ചെലവെങ്കിൽ 27 കോടിയാണ് പഴശ്ശിരാജയുടെ മുഴുവൻ ചെലവ്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് പഴശ്ശിരാജ നിര്‍മിച്ചത്.
എന്നാൽ, മമ്മൂട്ടിയുടെ പഴശ്ശിരാജയേയും കടത്തിവെട്ടാൻ മലയാളത്തിൽ മറ്റൊരു ബിഗ് ബജറ്റ് ചിത്രം വരുന്നുണ്ട്. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തിനെ ആസ്പദമാക്കി ജയരാജ് അണിയിച്ചൊരുക്കുന്ന വീരം. 35 കോടിയാണ് ചിത്രത്തിന്റെ ആകെ ചിലവെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ സത്യമെങ്കിൽ മലയാളത്തിൽ ഒരുക്കിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ചിലവേറിയ ചിത്രം വീരം ആയിരിക്കും.