1921ൽ നടന്ന മലബാർ കലാപതവുമായി ബന്ധപ്പെട്ട ചരിത്രകഥയേയും സംഭവത്തേയും ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് 1921. നായകൻ മമ്മൂട്ടി. 1 കോടി 20 ലക്ഷമായിരുന്നു അന്നത്തെ ചിലവ്. ലക്ഷങ്ങൾ കൊണ്ട് മാത്രമായിരുന്നു അന്നുവരെ മലയാള സിനിമകൾ അണിയിച്ചൊരുക്കിയിരുന്നത്.
അതുവരെയുണ്ടായിരുന്ന കണക്കുകളാണ് 1921 എന്ന മമ്മൂട്ടി ചിത്രം തകർത്തത്. മണ്ണിൽ മുഹമ്മദായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ആദ്യത്തെ ചിത്രമായി 1921 റെക്കോർഡിട്ടു. ഇപ്പോഴിതാ, രണ്ട് പതിറ്റാണ്ടിന് ശേഷം മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള മറ്റൊരു മമ്മൂട്ടി ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്.
കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നംപള്ളി നിർമിക്കുന്ന മാമാങ്കത്തിന്റെ ചിലവ് 30 കോടിയാണെന്ന് റിപ്പോർട്ട്. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ അഭിമാനചിത്രങ്ങളായ ബഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്‍റെയും വി എഫ് എക്സ് ചെയ്യുന്നത്.
വിധേയനും മതിലുകളും പോലെ മാമാങ്കവും മമ്മൂട്ടിയുടെ കരിയറിലെ തിളക്കമാര്‍ന്ന ഏടായിരിക്കും. 12 വര്‍ഷത്തെ ഗവേഷണത്തിനും എഴുത്തിനും ശേഷമാണ് സജീവ് പിള്ള മാമാങ്കത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്. എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്തുനടന്ന പോരാട്ടത്തിന്‍റെ വീരകഥയാണ് മാമാങ്കം പറയുന്നത്.
മമ്മൂട്ടി ചേകവരായെത്തുന്ന ചിത്രത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്ന നിരവധി പോരാട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. വടക്കന്‍ വീരഗാഥയ്ക്കും പഴശ്ശിരാജയ്ക്കും ശേഷം വാള്‍പ്പയറ്റ് നിറഞ്ഞ ഒരു സിനിമയില്‍ മമ്മൂട്ടി ഇപ്പോഴാണ് ഭാഗമാകുന്നത്. മംഗലാപുരവും കാസര്‍കോടുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. എം ജയചന്ദ്രനാണ് സംഗീതം.
ഫെബ്രുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന മാമാങ്കത്തില്‍ മമ്മൂട്ടി മാര്‍ച്ച് ആദ്യം ജോയിന്‍ ചെയ്യും. പല ഷെഡ്യൂളുകളിലായി ചിത്രീകരിക്കുന്ന സിനിമ 2019 റിലീസാണ്.