മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂക്ക ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് ഇത്. നവാഗതനായ സജീവ് പിള്ളയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
12 വർഷത്തെ ഗവേഷണത്തിനു ശേഷം സഞ്ജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിനായി മമ്മൂട്ടി കളരിപയറ്റ് പരിശീലിക്കുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്‍റെ കഥയാണ് ഈ സിനിമ പറയുന്നത്.
മാമാങ്കത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂക്ക അഭിനയിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയൊരു ഫാന്‍ മേയ്ഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയുടെ സ്‌ത്രൈണ ഭാവത്തിലുളള ലുക്കാണ് ഫാന്‍ മേയ്ഡ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. മാമാങ്കത്തിലെ മമ്മൂട്ടിയുടെ നാല് വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ പ്രധാനപ്പെട്ടയൊന്നാണ് സ്‌ത്രൈണ ഭാവത്തിലുളള കഥാപാത്രം.
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് മാമാങ്കം. അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് മാമാങ്കത്തിനൊപ്പം സഹകരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ടാകും.
രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ നിന്നുള്ളവരാണ് പ്രധാന കഥാപാത്രങ്ങളെല്ലാം. മമ്മൂട്ടിയോടൊപ്പം നാല് യോദ്ധാക്കള്‍ കൂടെ പ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തും. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നും സംവിധായകൻ നേരത്തേ പറഞ്ഞിരുന്നു.
ബാഹുബലി പോലെ ഇന്റര്‍നാഷണല്‍ ലെവലിലാണ് ഈ ചിത്രം ഒരുക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാമാങ്കം മാറുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്.
ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ നേരത്തെയും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മെഗാ സ്റ്റാറിന്റെ കരിയറില്‍ തന്നെ ഇതുവരെ കാണാത്ത രൂപഭാവഭേദവുമായാണ് ഈ ചിത്രത്തില്‍ എത്തുന്നത്. പെർഫെക്ഷന് വേണ്ടി കളരിപ്പയറ്റ് പോലുള്ള ആയോധനകലകള്‍ അഭ്യസിക്കേണ്ടി വരുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.