മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആയിരുന്നു. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടിയുടെ സുപ്പർ ഹിറ്റ് ചിത്രം കസബയുടെ രണ്ടാം ഭാഗം വരുന്നതായി റിപ്പോർട്ട്.
കസബയിലെ മമ്മൂട്ടിയുടെ ചിത്രത്തോടൊപ്പം അന്നും ഇന്നും എന്നും രാജാവാട രാജൻ സക്കറിയ… ഒരു വരവുകൂടി വരും എന്ന ക്യാപ്ഷനുമായി നിർമ്മാതാവ് ജോബി ജോര്‍ജിന്‍റെ പോസ്റ്റ് എത്തിയതോടെയാണ് കസബയുടെ രണ്ടാം ഭാഗം ചർച്ച ചൂട് പിടിച്ചത്.
മമ്മൂട്ടി രാജൻ സക്കറിയ എന്ന പോലീസ് വേഷത്തിലെത്തിയ ഈ ചിത്രം ശ്രദ്ധ നേടിയത് ചില വിവാദങ്ങളിലൂടെയായിരുന്നു. ഈ സിനിമയിലെ സ്ത്രീ വിരുദ്ധതയെ ചൂണ്ടി കാണിച്ച് ഗീതു മോഹൻദാസും പാർവതിയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. സമ്പത്ത് രാജിൻ്റെ വില്ലൻ കഥാപാത്രം പരമേശ്വരൻ നമ്പ്യാർ , വര ലക്ഷ്മിയുടെ കമല, അലൻസിയറുടെ തങ്കച്ചൻ, ജഗദീഷിൻ്റെ സബ് ഇൻസ്പെക്ടർ മുകുന്ദൻ എന്നീ കഥാപാത്രങ്ങളും വ്യത്യസ്തമായ പാത്ര സൃഷ്ടിയാൽ ശ്രദ്ധിക്കപ്പെട്ടു.