2025 ന്റെ പരീക്ഷ പാസായി 'എന്ന് സ്വന്തം പുണ്യാളൻ'. സിനിമ പ്രേക്ഷകർ ഏറ്റെടുത്തു. ചിത്രത്തിൽ മികച്ച പ്രകടനമാണ് അർജുൻ അശോകനും അനശ്വര രാജനും ബാലുവും കാഴ്ചവെച്ചിരിക്കുന്നതെന്നും സിനിമയുടെ രണ്ടാം പകുതി മികച്ചുനിൽക്കുന്നെന്നുമാണ് ആദ്യ പ്രതികരണങ്ങൾ. കോമഡിയും ത്രില്ലറും കൃത്യമായ അളവിൽ ചേർത്ത സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ടെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.
ഗുരുവായൂരമ്പല നടയിൽ, അബ്രഹാം ഓസ്‌ലർ, നേര്, രേഖാചിത്രം എന്നീ സിനിമകൾക്ക് ശേഷം എന്ന് സ്വന്തം പുണ്യാളനിലൂടെ അനശ്വര രാജൻ വിജയം ആവർത്തിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ട്വിസ്റ്റിനും സാം സിഎസ്സിന്റെ മ്യൂസിക്കിനും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുമെന്നാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. അനശ്വര രാജൻ, അർജുൻ അശോകൻ, ബാലു വർഗീസ് ടീം ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും സിനിമകയ്ക്കുണ്ട്. മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.