മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം! പുലിമുരുകനെ പിന്നിലാക്കുമോ?

Webdunia
ശനി, 4 മെയ് 2019 (12:38 IST)
2019 മമ്മൂട്ടിക്ക് നല്ല വർഷമാണ്. ഇതുവരെ റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളും മികച്ച അഭിപ്രായവും കളക്ഷനുമാണ് നേടിയത്. ഈ വർഷം ആദ്യം മമ്മൂട്ടിയുടേതായി തിയേറ്ററുകളിലെത്തിയത് തമിഴ് ചിത്രം പേരൻപ് ആണ്. പിന്നാലെ തെലുങ്ക് ചിത്രം യാത്രയും എത്തി. ഏപ്രിലിലാണ് മമ്മൂട്ടിയുടേതായി ഒരു മലയാള ചിത്രം റിലീസിനെത്തിയത്. മധുരരാജ! 
 
മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം മധുരരാജ എന്ന ചിത്രത്തിലൂടെ ലഭിച്ചു. എന്നാല്‍ ആകാംഷയോടെ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഉടന്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായി മാറുകയാണ് മധുരരാജ. ഒഫിഷ്യൽ കളക്ഷൻ റിപ്പോർട്ട് ഉടൻ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിടുമെന്നാണ് സൂചന. 
 
പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ വിഷു, ഈസ്റ്റര്‍ അവധിദിനങ്ങള്‍ ലക്ഷ്യമാക്കി ഏപ്രില്‍ പന്ത്രണ്ടിനായിരുന്നു റിലീസ് ചെയ്തത്. ആദ്യ ദിനങ്ങളില്‍ ബോക്‌സോഫീസില്‍ മികച്ച തുടക്കം ലഭിച്ച മധുരരാജ അതിവേഗം അമ്പത് കോടി മറികടന്നിരുന്നു. വൈശാഖിന്റെ തന്നെ പുലിമുരുകന്റെ കളക്ഷൻ റിപ്പോർട്ടുകൾ തകർക്കുക എന്നതാണ് മധുരരാജയുടെ ലക്ഷ്യം. 
 
റിലീസ് ദിവസം 9.12 കോടിയാണ് മധുരരാജയുടെ ഗ്രോസ് കളക്ഷന്‍. കേരളത്തിന് പുറത്ത് 1.4 കോടിയും ജിസിസി യില്‍ 2.9 കോടിയും സ്വന്തമാക്കിയ രാജ യുഎസ്എ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുമായി റെക്കോര്‍ഡ് കണക്കിന് കളക്ഷനായിരുന്നു സ്വന്തമാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article