ജീത്തു ജോസഫ് ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും?

Webdunia
വ്യാഴം, 21 ഫെബ്രുവരി 2019 (14:31 IST)
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്നത് മലയാളിക്ക് വല്ലപ്പോഴും കിട്ടുന്ന സൌഭാഗ്യമാണ്. പണ്ടൊക്കെ അത് ഇടയ്ക്കിടയ്ക്ക് സംഭവിക്കുമായിരുന്നു എങ്കില്‍ ഇപ്പോള്‍ അങ്ങനെയൊരു പ്രൊജക്ട് ഡിസൈന്‍ ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.
 
ജീത്തു ജോസഫ് ഏവരും അംഗീകരിക്കുന്ന വലിയ സംവിധായകനാണ്. മോഹന്‍ലാലിനെ നായകനാക്കിയാണ് അദ്ദേഹത്തിന്‍റെ അടുത്ത പ്രൊജക്ട് എന്നത് നേരത്തേ പുറത്തുവന്ന വാര്‍ത്തയാണ്. എന്നാല്‍ പുതിയ സൂചന, ആ പ്രൊജക്ടില്‍ മമ്മൂട്ടിയും ഉണ്ടാകും എന്നാണ്.
 
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്‍‌മാരാക്കി ഒരു ഇമോഷണല്‍ ത്രില്ലറിനാണ് ജീത്തു ജോസഫ് തയ്യാറെടുക്കുന്നതത്രേ. എന്നാല്‍ പ്രൊജക്ടിന്‍റെ ആലോചനകള്‍ മാത്രം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താറായിട്ടില്ല.
 
ജീത്തു ജോസഫിന് ഏറ്റവും ഇഷ്ടമുള്ള ജോണറാണ് ഇമോഷണല്‍ ത്രില്ലര്‍ വിഭാഗം. മെമ്മറീസ്, ദൃശ്യം എന്നീ മാസ്റ്റര്‍പീസുകള്‍ ജീത്തു ആ ജോണറിലാണ് ഒരുക്കിയത്. എന്തായാലും പുതിയ സിനിമയുടെ തിരക്കഥാ രചനയിലാണ് ഇപ്പോള്‍ സംവിധായകന്‍.
 
അതേസമയം, തന്‍റെ രണ്ടാമത്തെ തമിഴ് ചിത്രത്തിനുള്ള ജോലികളും ജീത്തു ജോസഫ് പൂര്‍ത്തിയാക്കി വരികയാണ്. കാര്‍ത്തി നായകനാകുന്ന ആ സിനിമയുടെ ഷൂട്ടിംഗ് രണ്ടുമാസത്തിനുള്ളില്‍ ആരംഭിക്കും. കമല്‍ഹാസനെ നായകനാക്കി പാപനാശം ആയിരുന്നു ജീത്തു ജോസഫിന്‍റെ ആദ്യ തമിഴ് ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article