''മിസ്റ്റർ മമ്മൂട്ടി, നിങ്ങൾ ക്ഷണിച്ചിട്ടാണ് ഞങ്ങൾ വന്നത്, മാന്യമായി പെരുമാറണം''- വൈറലാകുന്ന കുറിപ്പ്

Webdunia
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (09:23 IST)
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്ക് പിന്തുണയുമായി കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ മറുപടി ''നിങ്ങൾക്ക് നാണമില്ലേ ഇതൊക്കെ ചോദിക്കാൻ'' എന്നായിരുന്നു. 
 
താരസംഘടനയുടെ പ്രസിഡണ്ട് കൂടിയായ സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച ഈ പ്രതികരണത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. എന്നാൽ, പിന്നീട് ചോദ്യം പ്രസക്തമായിരുന്നുവെന്നും അപ്പോഴത്തെ മാനസിക നില അനുസരിച്ചായിരുന്നു അങ്ങനെ പറഞ്ഞതെന്നും വ്യക്തമാക്കി താരം ഖേദ പ്രകടനം നടത്തിയിരുന്നു.
 
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മമ്മൂട്ടിയിൽ നിന്നും മാധ്യമപ്രവർത്തകർക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മാധ്യമം പത്രത്തിലെ ഡെപ്യൂട്ടി എഡിറ്ററായ ബാബുരാജ് കൃഷ്ണൻ. അമ്മ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് വിളിച്ച വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ പരിഹസിച്ച് സംസാരിച്ച മമ്മൂട്ടിക്ക് ഒടുക്കം നാണംകെട്ടാണ് മടങ്ങിപ്പോകേണ്ടി വന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
 
വർഷങ്ങൾക്കു മുൻപാണ്. അമ്മയുടെ ആദ്യത്തെ സ്റ്റേജ് ഷോ കോഴിക്കോട്ട് നടക്കാൻ പോകുന്നു പരിപാടിയുടെ തലേന്നു മലബാർ പാലസിൽ വാർത്താ സമ്മേളനം. റിഹേഴ്സൽ നടക്കുന്നതിനാൽ ഒട്ടു മിക്ക താരങ്ങളും അവിടെയുണ്ട് . മമ്മൂട്ടി എത്തിയതോടെ വാർത്താ സമ്മേളനം തുടങ്ങി. ജഗദീഷിന്റെ സ്വാഗതം. മമ്മൂട്ടിയെ സംസാരിക്കാൻ ക്ഷണിച്ചെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല. തുടർന്നു പത്രക്കാരുടെ ചോദ്യം. നാളത്തെ പ്രധാന ഇനങ്ങൾ എന്തെല്ലാമാണ് ? അതു കാണുമ്പോൾ അറിയാം. മറുപടി മമ്മൂട്ടിയുടേത്. എത്ര താരങ്ങളാണ് പങ്കെടുക്കുന്നത് ? എണ്ണി നോക്കിയിട്ടില്ല . ചോദ്യങ്ങൾക്കെല്ലാം പരിഹാസ രൂപേണ മറുപടി. ഒടുവിൽ മമ്മൂട്ടിയുടെ വക ഒരു കമന്റും, നിങ്ങൾക്കൊക്കെ പാസ്സല്ലേ വേണ്ടത്. ക്ഷമയുടെ നെല്ലിപ്പടി കണ്ട നിമിഷങ്ങളായിരുന്നു അത്‌.
 
മിസ്റ്റർ മമ്മൂട്ടി, നിങ്ങൾ ക്ഷണിച്ചിട്ടാണ് ഞങ്ങൾ വന്നത്. മാന്യമായി പെരുമാറണം...
 
എഴുന്നേറ്റു നിന്നു പറഞ്ഞപ്പോൾ ഹാളിൽ പൂർണ നിശബ്ദത. ദീപിക ലേഖകൻ കൃഷ്‍ണ പണിക്കർ എന്നെ പിന്തുണച്ചു എഴുന്നേറ്റു. നിങ്ങളുടെ അഹന്ത ഇവിടെ വേണ്ട. അതു സിനിമാ സെറ്റിൽ മതി. ക്ഷോഭം കൊണ്ടു പണിക്കർ കത്തിക്കയറി. മമ്മൂട്ടി അകെ ക്ഷീണിച്ചുപോയി. ജൂനിയറും സീനിയറുമായ നിരവധി താരങ്ങളും സിനിമാ പ്രവർത്തകരുമാണ് ചുറ്റിലുമുള്ളത്. അവരാരും ഒരക്ഷരം ഉരിയാടിയില്ല. ഈ ഘട്ടത്തിൽ പി വി ഗംഗാധരൻ മൈക് വാങ്ങി രംഗം തണുപ്പിക്കാൻ ശ്രമിച്ചു. മമ്മൂട്ടിയുടെ ശൈലിയുടെ പ്രത്യേകതയാണ് അതെന്നു പിവിജി സാന്ത്വനിപ്പിച്ചു. പത്രസമ്മേളനം അവസാനിപ്പിച്ച് ഉടനെ മമ്മൂട്ടി ഹാൾ വിട്ടു പോയി.
 
മലബാർ പാലസിൽ നിന്നും പുറത്തു കടക്കുമ്പോൾ അറിയപ്പെടുന്ന രണ്ടു താരങ്ങൾ എന്‍റെ അടുത്തേക്ക് വന്നു. അനിയാ, അസ്സലായി. ഇങ്ങനെ തന്നെ വേണം. എന്റെ തോളിൽ തട്ടി അതു പറഞ്ഞ ഒരാളുടെ പേര് വെളിപ്പെടുത്താം. ജഗതി ശ്രീകുമാർ. രണ്ടാമൻ ഇപ്പോഴും സിനിമയിൽ സജീവമായതിനാൽ പേരു പറഞ്ഞു അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നില്ല. തിരികെ മാധ്യമം ബ്യൂറോയിൽ എത്തിയപ്പോൾ കൈരളി ടിവിയുടെ ക്യാമറാമാൻ വിളിക്കുന്നു. ചേട്ടന്റെ പേരും സ്ഥാപനവും എന്നോടു ചോദിച്ചു. ഞാൻ പറഞ്ഞു പോയി, ചേട്ടൻ ക്ഷമിക്കണം.
 
പിറ്റേന്നു കാലത്തു ആദ്യ ഫോൺകോൾ മാധ്യമം ചെയർമാൻ കെ എ സിദ്ദിഖ് ഹസൻ സാഹിബിന്റേത്. നിങ്ങൾ മമ്മൂട്ടിയെ പരസ്യമായി അപമാനിച്ചെന്ന് പരാതി. എന്താണ് സംഭവിച്ചത് ?കാര്യങ്ങൾ ഞാൻ വിശദീകരിച്ചു. മമ്മുട്ടിയെ കണ്ടു ക്ഷമാപണം നടത്തണമെന്ന് പറയാനാണ് ഞാൻ നിങ്ങളെ വിളിച്ചത്. നിങ്ങൾ പോകേണ്ടതില്ല . മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ അത്രയും ആളുകളുടെ നടുവിൽ ചോദ്യം ചെയ്തതു ശരിയായിരുന്നോ എന്നു പിന്നീട് പലപ്പോഴും ഞാൻ എന്നോടു തന്നെ ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയും അഭിനയവും അന്നും ഇന്നും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.
 
ഇതിപ്പോൾ ഇത്ര വിശദമായി പറഞ്ഞതു നിങ്ങൾക്ക് നാണമില്ലേ ഇതു ചോദിക്കാൻ എന്നു പറഞ്ഞ മോഹൻലാലിൻറെ മുൻപിൽ നിശബ്ദരായി നിന്ന ചാനൽ ലേഖകന്മാരെ യൂട്യൂബ് വിഡിയോയിൽ കണ്ടപ്പോഴാണ്. കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് നാണമില്ലേ എന്നു ലാൽ തിരിച്ചു ചോദിച്ചത്. ഇതിൽ നാണിക്കാൻ എന്തിരിക്കുന്നു എന്നൊരു മറുചോദ്യം ഒരാളും ചോദിക്കാതിരുന്നതിലാണ് ഖേദം. പറഞ്ഞതു അബദ്ധമായെന്ന് ബോധ്യപ്പെട്ടിട്ടാകാം മോഹൻലാൽ പിന്നീട്‌ ഖേദപ്രകടനം നടത്തിയത്. അതു അദ്ദേഹത്തിന്റെ മഹത്വം. എന്തായാലും ചോദിക്കേണ്ടത് അപ്പോൾ തന്നെ ചോദിക്കണം. പിന്നീടതു ചോദിക്കാൻ കഴിയില്ല .

അനുബന്ധ വാര്‍ത്തകള്‍

Next Article