മമ്മൂട്ടിയും ലാല്‍ ജോസും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?

ശനി, 21 ജൂലൈ 2018 (17:39 IST)
മലയാളസിനിമയ്ക്ക് ഒട്ടേറെ കരുത്തരായ സംവിധായകരെ മമ്മൂട്ടി പരിചയപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ മുന്‍‌നിരയില്‍ ഉള്ളയാളാണ് ലാല്‍ ജോസ്. ‘ഒരു മറവത്തൂര്‍ കനവ്’ എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ 1998ലാണ് ലാല്‍ ജോസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 
 
അതിനുശേഷം പട്ടാളം, ഇമ്മാനുവല്‍ എന്നീ സിനിമകളും കേരള കഫെയിലെ ‘പുറം‌കാഴ്ചകള്‍’ എന്ന ഹ്രസ്വചിത്രവുമാണ് മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്തത്. ഇമ്മാനുവല്‍ ആയിരുന്നു ഇരുവരും ഒരുമിച്ച അവസാന ചിത്രം. അത് 2012ലായിരുന്നു പുറത്തിറങ്ങിയത്. ചിത്രം ശരാശരി വിജയം മാത്രമായിരുന്നു.
 
ഇമ്മാനുവല്‍ പുറത്തിറങ്ങിയിട്ട് ആറുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ലാല്‍ ജോസും മമ്മൂട്ടിയും ഒന്നിച്ചൊരു സിനിമയെക്കുറിച്ച് പിന്നീട് ആലോചിച്ചിട്ടില്ല. മമ്മൂട്ടിയും ലാല്‍ ജോസും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നുവരെ ആരാധകര്‍ ചിന്തിച്ചുതുടങ്ങി.
 
എന്നാല്‍ ഇരുവരും നല്ല ബന്ധത്തില്‍ തന്നെയാണെന്നും പറ്റിയ കഥയും തിരക്കഥയും ലഭിക്കാത്തതിനാലാണ് ഒരുമിക്കാത്തത് എന്നുമാണ് അറിയാന്‍ കഴിയുന്നത്. മാത്രമല്ല, ലാല്‍ ജോസ് ഉടന്‍ തന്നെ ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ‘ഒരു ഭയങ്കര കാമുകന്‍’ എന്ന ചിത്രം ഒരുക്കുന്നുമുണ്ട്.
 
മറവത്തൂര്‍ കനവുപോലെ ഒരു തിരക്കഥ ലഭിക്കുകയാണെങ്കില്‍ വീണ്ടും മമ്മൂട്ടിയുമായി ലാല്‍ ജോസ് ഒന്നിക്കുക തന്നെ ചെയ്യും. ശ്രീനിവാസനേപ്പോലുള്ള തിരക്കഥാകൃത്തുക്കള്‍ കനിയട്ടെ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍