'നിന്റെ നായകന് എന്റെ മുഖമാണെങ്കില്‍ ഞാന്‍ അഭിനയിക്കാം', എന്ന് മമ്മൂക്ക എന്നോട് പറഞ്ഞപ്പോൾ, വേണ്ട എന്നായിരുന്നു എന്റെ മറുപടി, കാരണം സ്വതന്ത്രമായി ഒരു സിനിമ ചെയ്യാമെന്നുള്ള വലിയ ആത്മവിശ്വാസം എനിക്ക് ഇല്ലായിരുന്നു, മമ്മൂക്കയെപ്പോലെ വലിയ ഒരു ആര്‍ട്ടിസ്റ്റ് ഇതിലേക്ക് വരുമ്പോള്‍ എന്റെ സര്‍വ്വ ധൈര്യവും ചോര്‍ന്നു പോകും. എന്റെ നായകനായി മമ്മൂട്ടി വേണ്ട എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടി, ആദ്യമായിട്ടായിരിക്കും ഒരാള്‍ മമ്മൂക്കയോട് അങ്ങനെ പറയുന്നത്.
ഞാന്‍ നല്ല ഒരു സംവിധായകനാണെന്ന് പ്രൂവ് ചെയ്തിട്ട് മമ്മൂക്കയുടെ അടുത്തു വരാം, അങ്ങനെയൊരു വേളയില്‍ എനിക്ക് ഒരു ഡേറ്റ് തന്നാൽ മതിയെന്നായിരുന്നു എന്‍റെ പ്രതികരണം. പക്ഷെ മമ്മൂക്കയുടെ മറുപടി എന്നെയും ഞെട്ടിച്ചു, 'നിന്റെ ആദ്യ സിനിമയ്‌ക്കേ ഞാന്‍ ഡേറ്റ് തരൂ, പിന്നീട് ഒരു സിനിമയ്ക്കും എന്നെ പ്രതീക്ഷിക്കണ്ട കാരണം നിന്റെ കഴിവുകളെല്ലാം നീ പുറത്തെടുക്കാന്‍ പോകുന്നത് ആദ്യ സിനിമയിലായിരിക്കും അതുകൊണ്ടുതന്നെ നിന്റെ ആദ്യ സിനിമയില്‍ അഭിനയിക്കാനാണ് എനിക്ക് താല്‍പര്യം'.
ഒടുവില്‍ ശ്രീനിയേട്ടന്‍ എന്നെ വിളിച്ചു ചോദിച്ചു, 'നീ എന്താണ് മമ്മൂട്ടി ഒരു ഓഫര്‍ നല്‍കിയിട്ട് വേണ്ടെന്നുവെച്ചത്, മമ്മൂട്ടി അഭിനയിക്കാം എന്ന് പറഞ്ഞത് വലിയ കാര്യമല്ലേ, നിന്റെ ആദ്യ സിനിമയ്ക്ക് എല്ലാ അര്‍ത്ഥത്തിലും അത് ഗുണം ചെയ്യും', നമുക്ക് അങ്ങനെയൊരു കഥ മനസ്സില്‍ വന്നാല്‍ മമ്മൂട്ടിയെ തന്നെ നായകനാക്കി സിനിമ ചെയ്യാം. അങ്ങനെയാണ് 'മറവത്തൂര്‍ കനവ്' എന്ന സിനിമയുടെ കഥയിലേക്ക് ശ്രീനിയേട്ടന്‍ എത്തപ്പെടുന്നതും, മമ്മൂക്കയെ നായകനാക്കാന്‍ തീരുമാനിച്ചതും എന്ന് ലാല്‍ ജോസ് പറയുന്നു.