Mammootty: കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നടന്‍ മമ്മൂട്ടി നടത്തിയ പ്രസംഗം വിവാദത്തില്‍. സൗഹൃദങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെ താരം സിഗരറ്റ് വലിയുടെ ഓര്‍മ പങ്കുവെച്ചതാണ് ചിലരെ അലോസരപ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച് സിഗരറ്റ് വലിയെ കുറിച്ചൊക്കെ ഒരു മഹാനടന്‍ സംസാരിക്കാമോ എന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ മമ്മൂട്ടിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ജാതിയുടേയും മതത്തിന്റേയും വേര്‍തിരിവുകള്‍ ഇല്ലാതെ തന്റെ കോളേജ് കാലത്തെ സൗഹൃദം എങ്ങനെയാണ് മുന്നോട്ടു പോയതെന്ന് വിദ്യാര്‍ഥികളോട് പങ്കുവെയ്ക്കാനാണ് മമ്മൂട്ടി സിഗരറ്റ് വലിയുടെ അനുഭവം തിരഞ്ഞെടുത്തത്. ' കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു സിഗരറ്റ് ഗെയിറ്റിന്റെ വാതില്‍ക്കല്‍ നിന്നു കത്തിച്ചാല്‍ ക്ലാസില്‍ എത്തുമ്പോഴാണ് എനിക്കെന്റെ അവസാന പുക കിട്ടാറുണ്ടായിരുന്നുള്ളൂ. അതുവരെ ആരൊക്കെ ആ സിഗരറ്റ് വലിച്ചിട്ടുണ്ടെന്ന് എനിക്കുപോലും അറിയില്ല. വിവേചനങ്ങള്‍ വേണമെന്ന് ചിന്തിക്കുന്നവരൊക്കെ ഉണ്ടാകാം. പക്ഷേ വിദ്യാര്‍ഥികളായ ഞങ്ങളെ അതൊന്നും ബാധിച്ചിട്ടില്ല. ഇന്നും നമ്മുടെ വിദ്യാര്‍ഥികളെ അത് ബാധിച്ചിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,' പ്രസംഗത്തിനിടെ മമ്മൂട്ടി പറഞ്ഞു.
ഒരു അഭിമുഖത്തില്‍ ആണ് മമ്മൂട്ടി ഈ അനുഭവം പങ്കുവയ്ക്കുന്നതെങ്കില്‍ പ്രശ്‌നമില്ലെന്നും സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍ ഇങ്ങനെ പ്രസംഗിച്ചത് ശരിയായില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ തന്റെ കോളേജ് കാലത്തെ സൗഹൃദത്തിന്റെ ആഴം എത്രത്തോളം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കാനാണ് മമ്മൂട്ടി ഇങ്ങനെയൊരു അനുഭവം പങ്കുവെച്ചതെന്നും അതിനര്‍ത്ഥം കുട്ടികളെല്ലാം സിഗരറ്റ് വലിക്കണമെന്ന് അല്ലെന്നും മറ്റു ചിലര്‍ മമ്മൂട്ടിയെ പിന്തുണച്ചു പറയുന്നു.