നൂറ് കോടി ക്ലബിലല്ല, ജനമനസുകളിലാണ് മമ്മൂട്ടി, കാത്തിരുന്നത് ഈ മമ്മൂട്ടിക്കായി!

എസ് ഹർഷ

തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (09:46 IST)
മമ്മൂട്ടി എന്ന അതുല്യ പ്രതിഭയെ കുറിച്ച് ഒരു മലയാളിക്ക് അറിയാത്തതായി ഒന്നുമുണ്ടാകില്ല. മലയാള സിനിമയും 100 കോടി ക്ലബ് എന്ന മോഹവലയത്തില്‍ പെട്ടുകഴിഞ്ഞിരിക്കുകയാണ്. പുലിമുരുകനും ഇപ്പോൾ ഒടിയനും അതിനുദാഹരണമായി മാറിയിരിക്കുകയാണ്. അവിശ്വസനീയമായ കണക്കുകളാണ് ഒടിയന്റെ അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്.
 
എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടോടെ സിനിമയെ സമീപിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിക്ക് ഇതുവരെ 100 കോടി ക്ലബില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മലയാളത്തിന്‍റെ ഏറ്റവും വലിയ താരം മമ്മൂട്ടി തന്നെയാണ്. 
 
വീരഗാഥയും മതിലുകളും അമരവും അംബേദ്‌കറും ന്യൂഡല്‍ഹിയും ദളപതിയുമൊക്കെ മമ്മൂട്ടിക്ക് മാത്രം സ്വന്തം. അക്കൂട്ടത്തിലേക്ക് യാത്രയും പേരൻപും എഴുതിച്ചേർക്കുകയാണ് അദ്ദേഹം. അഭിനയത്തിന്റെ അടങ്ങാത്ത അഭിനിവേശമാണ് തനിക്കെന്ന് മമ്മൂട്ടി വീണ്ടും തെളിയിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരാധകർ കാത്തിരുന്നതും ഈ മമ്മൂട്ടിക്കായി തന്നെ. 
 
നൂറുകോടി ക്ലബിലെ ഇടമല്ല, നൂറുകോടി മനുഷ്യരുടെ മനസിലെ ഇടമാണ് മമ്മൂട്ടിക്ക് സ്വന്തമായുള്ളത്. മലയാള പ്രേക്ഷകര്‍ക്ക് നൂറൂകോടി പൊന്നാണ് മമ്മൂക്ക!. നല്ല സിനിമകള്‍ സൃഷ്ടിക്കുക എന്ന നയമാണ് മമ്മൂട്ടി മുന്നോട്ടുവയ്ക്കുന്നത്. 
 
റാം എന്ന സംവിധായകനോട് മലയാളി സിനിമ പ്രേക്ഷകർക്ക് സ്‌നേഹം മാത്രമാണ്. മമ്മൂട്ടിയെ പോലെ ഒരു നടനെ മികച്ച രീതിയിൽ ഉപയോഗിക്കാൻ, അദ്ദേഹത്തിന്റെ കഴിവുകളെ ഇപ്പോഴും പുറത്തെടുക്കാൻ റാമിനു കഴിഞ്ഞു. ഒരു കഥാപാത്രത്തെ ഇത്ര അഗാധമായി ഉൾകൊള്ളാൻ മറ്റൊരു മലയാള നടന് സാധിക്കുമോ എന്ന് സംശയാണ്. 
 
പൊന്തൻമാടയും, വിധേയനിലെ ഭാസ്ക്കര പട്ടേലരും, പുട്ടുറുമീസും, വാറുണ്ണിയും ഒക്കെ നമുക്ക് സമ്മാനിച്ച മമ്മൂട്ടി എന്ന നടനെയാണ് മലയാളികൾ കാത്തിരിക്കുന്നത്. വർഷം പോലെ, പാലേരി മാണിക്യം പോലെ, പത്തേമാരി പോലെയുള്ള മമ്മൂട്ടി സിനിമകൾക്കായാണ് ആരാധകർ കാത്തിരിക്കുന്നത്.
 
നല്ല സിനിമകള്‍ സ്വാഭാവികമായി നേടുന്ന വിജയമാണ് ഇത്തരം ചിത്രങ്ങളിലൂടെ മമ്മൂട്ടി ലക്‍ഷ്യമിടുന്നത്. ഇനി വരാനിരിക്കുന്ന യാത്രയും പേരൻപും 100 കോടി ക്ലബ് ലക്‍ഷ്യമിട്ട് എല്ലാ മസാലകളും അരച്ചുചേര്‍ത്തുള്ള ചിത്രങ്ങളല്ല. എന്നാല്‍ ഇവ പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ഇഷ്ടപ്പെടുത്തുകയും ചെയ്യുന്ന നല്ല സിനിമകളാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍