സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടനാകാന്‍ മമ്മൂട്ടിക്കൊപ്പം മത്സരിച്ച് കുഞ്ചാക്കോ ബോബന്‍, മികച്ച സിനിമകളുടെ പട്ടികയില്‍ മൂന്ന് മമ്മൂട്ടി ചിത്രങ്ങള്‍

Webdunia
ശനി, 8 ജൂലൈ 2023 (11:33 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട 154 സിനിമകളില്‍ നിന്ന് 42 സിനിമകള്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ മൂന്ന് മമ്മൂട്ടി ചിത്രങ്ങളുണ്ട്. പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടക്കാനാണ് സാധ്യത. 
 
മികച്ച നടനുവേണ്ടിയുള്ള പോരാട്ടത്തില്‍ മമ്മൂട്ടി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. രണ്ടാം റൗണ്ടിലേക്കുള്ള ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് സിനിമകള്‍ക്ക് പുറമേ ഭീഷ്മ പര്‍വ്വത്തിലെ പ്രകടനം കൂടി മികച്ച നടനുള്ള കാറ്റഗറിയില്‍ മമ്മൂട്ടിയുടേതായി പരിഗണിക്കും. മമ്മൂട്ടിക്ക് വെല്ലുവിളി ഉയര്‍ത്തി കുഞ്ചാക്കോ ബോബനും മികച്ച നടനാകാന്‍ മത്സരരംഗത്തുണ്ട്. കുഞ്ചാക്കോ ബോബന്റെ മൂന്ന് സിനിമകളാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ന്നാ താന്‍ കേസ് കൊട്, പട, അറിയിപ്പ് എന്നിവയാണ് ചാക്കോച്ചന്റെ ചിത്രങ്ങള്‍. ഈ മൂന്ന് സിനിമകളിലേയും കുഞ്ചാക്കോ ബോബന്റെ പ്രകടനം മികച്ചതായിരുന്നു. 
 
ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഉപസമിതികളിലെ ചെയര്‍മാന്‍മാര്‍ക്കു പുറമേ ഛായാഗ്രാഹകന്‍ ഹരിനായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെന്‍സി ഗ്രിഗറി എന്നിവര്‍ അംഗങ്ങളുമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article