Mammootty and Prabhas: പാന്‍ ഇന്ത്യന്‍ താരം പ്രഭാസും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്യുന്ന 'സ്പിരിറ്റ്' എന്ന ആക്ഷന്‍ ത്രില്ലറിലാണ് മമ്മൂട്ടി സുപ്രധാന കാമിയോ റോളില്‍ എത്തുകയെന്നാണ് വിവരം. വളരെ ശക്തനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പ്രഭാസ് അഭിനയിക്കുന്നതെന്നാണ് വിവരം. ഈ പൊലീസ് കഥാപാത്രത്തിന്റെ അച്ഛന്റെ വേഷമായിരിക്കും മമ്മൂട്ടി ചെയ്യുകയെന്ന് തെലുങ്ക് മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു.
സിനിമയുടെ തിരക്കഥ ജോലികള്‍ പൂര്‍ത്തിയാകുകയാണ്. അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ എന്നിവരും ഈ സിനിമയുടെ ഭാഗമായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് സുപ്രധാന വേഷത്തിലേക്ക് മമ്മൂട്ടിയെ പരിഗണിക്കുന്നതായി ഇടിവി ഭാരത് (തെലുങ്ക്) അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടി സീരിസ്, ഭദ്രകാളി പിച്ചേഴ്‌സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് സംഗീതം നിര്‍വഹിക്കുക. 300 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ റിലീസ് ചെയ്യാനാണ് ആലോചന. രണ്‍വീര്‍ ചിത്രം അനിമലിനു ശേഷം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സ്പിരിറ്റ്. ചിത്രത്തിന്റെ ആകെ ബജറ്റ് 300 കോടിയാണെന്നും എല്ലാം ശരിയായി വന്നാല്‍ ആദ്യദിനം തന്നെ 150 കോടി കളക്ട് ചെയ്യുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ സന്ദീപ് റെഡ്ഡി പറഞ്ഞിരുന്നു.