മുകേഷ് ആ മമ്മൂട്ടിച്ചിത്രത്തില്‍ നിന്ന് സ്വയം ഒഴിവായതാണ്, പകരം ജോഷി ജയറാമിനെ കൊണ്ടുവന്നു!

ചൊവ്വ, 26 മാര്‍ച്ച് 2019 (20:03 IST)
ധ്രുവം എന്ന സിനിമ ജോഷി പ്ലാന്‍ ചെയ്യുന്ന സമയം. മമ്മൂട്ടി നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. മമ്മൂട്ടിയുടെ അനുജനായി ആര് വേണമെന്ന ചിന്ത വന്നു. വീരസിംഹ മന്നാഡിയാര്‍ എന്ന ആ കഥാപാത്രത്തെ മുകേഷ് അവതരിപ്പിക്കട്ടെ എന്നായിരുന്നു ജോഷിയുടെ തീരുമാനം.
 
മമ്മൂട്ടിക്കും അത് സമ്മതമായിരുന്നു. കാരണം ജോഷിച്ചിത്രങ്ങളില്‍ മമ്മൂട്ടി - മുകേഷ് ഒരു നല്ല കോമ്പിനേഷനാണ്. സംഘം, ശ്യാമ, ദിനരാത്രങ്ങള്‍, നായര്‍സാബ്, മഹായാനം തുടങ്ങിയ സിനിമകളില്‍ ഈ കൂട്ടുകെട്ട് വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
 
അതുകൊണ്ടുതന്നെ മുകേഷ് വീരസിംഹനാവട്ടെ എന്ന് ജോഷിയും മമ്മൂട്ടിയും തീരുമാനിച്ചു. എന്നാല്‍ ധ്രുവം തുടങ്ങുന്ന അതേ ഡേറ്റില്‍ മുകേഷിന് ഒന്നിലധികം ചിത്രങ്ങളുടെ ജോലിയുണ്ടായിരുന്നു. മാത്രമല്ല, ആ സമയത്ത് ഒരേസമയം പത്തോളം സിനിമകളുടെ ജോലിയിലായിരുന്നു മുകേഷ്. എങ്ങനെ അഡ്ജസ്റ്റ് ചെയ്താലും ധ്രുവത്തില്‍ ജോയിന്‍ ചെയ്യാന്‍ പറ്റില്ല. അങ്ങനെ മനസില്ലാ മനസോടെ ധ്രുവം വേണ്ടെന്നുവയ്ക്കാന്‍ മുകേഷ് തീരുമാനിച്ചു. 
 
മുകേഷിന് പറ്റില്ലെങ്കില്‍ ആ കഥാപാത്രത്തെ റഹ്‌മാന് നല്‍കാമെന്ന് ജോഷി ആലോചിച്ചു. പിന്നീട് സുരേഷ്ഗോപിയെയും ആ കഥാപാത്രത്തിനായി നോക്കി. എന്നാല്‍ ഒടുവില്‍ ജയറാം ആ കഥാപാത്രത്തെ ചെയ്യട്ടെ എന്ന് നിശ്ചയിച്ചു. അങ്ങനെ ജയറാമാണ് വീരസിംഹ മന്നാഡിയാരായി ധ്രുവത്തില്‍ തിളങ്ങിയത്. സുരേഷ് ഗോപിക്ക് ജോസ് നരിമാന്‍ എന്നൊരു കഥാപാത്രത്തെയും നല്‍കി.
 
മുകേഷ് ധ്രുവത്തില്‍ നിന്ന് പിന്‍‌മാറിയെങ്കിലും തൊട്ടടുത്ത വര്‍ഷം തന്നെ ജോഷിയുടെ ‘സൈന്യ’ത്തില്‍ മമ്മൂട്ടിക്കൊപ്പം അദ്ദേഹം അഭിനയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍