മോഹൻലാലിനൊപ്പം നിൽക്കുന്നൊരാൾ, മമ്മൂട്ടി അല്ലാതെ മറ്റാര്? - ലൂസിഫറിലെ ആ രഹസ്യം പൊളിച്ചടുക്കി സോഷ്യൽ മീഡിയ
ചൊവ്വ, 26 മാര്‍ച്ച് 2019 (08:27 IST)
മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ലൂസിഫർ 28 നു റിലീസ് ചെയ്യും. ചിത്രത്തിലെ 26 ക്യാരക്ടർ പോസ്റ്ററുകൾ ഓരോ ദിവസമായി ടീം പുറത്തുവിട്ടിരുന്നു. കഥാപാത്രത്തിന്റെ പ്രാധാന്യവും സ്റ്റാർ വാല്യൂവും അനുസരിച്ചാണ് ഓരോ പോസ്റ്ററും ഓരോ ദിവസമായി പുറത്തിറങ്ങിയത്. അവസാനം പുറത്തിറക്കിയത് മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയായി എത്തുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആയിരുന്നു.
എന്നാൽ, ഇപ്പോഴിതാ അപ്രതീക്ഷിതമായ ഒരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. റിലീസ് ചെയ്യാൻ രണ്ട് ദിവസം മാത്രം നിൽക്കേ 27ആമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിടാനൊരുങ്ങുകയാണ് ടീം. മോഹൻലാലിന്റെ പുറത്തുവന്ന സ്ഥിതിക്ക് ഇനിയാര്? എന്നൊരു ചോദ്യം സോഷ്യൽ മീഡിയകളിൽ ഉയർന്നിട്ടുണ്ട്. എല്ലാവരും ഇതേക്കുറിച്ച് ചർച്ച നടത്തിക്കഴിഞ്ഞു.
പലരുടെയും പേരുകൾ ഉയർന്നു വന്നു കഴിഞ്ഞു. അതിൽ ആദ്യത്തേത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആണ്. മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട ശേഷം 27ആമത് ക്യാരക്ടർ പോസ്റ്റർ പുറത്തുവിടണമെങ്കിൽ മോഹൻലാലിനൊപ്പമോ അതിനേക്കാൾ മുകളിലോ ആയ ഒരു താരമായിരിക്കുമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
അങ്ങനെയെങ്കിൽ ആ ചോദ്യത്തിനുള്ള ഉത്തരം മമ്മൂട്ടി എന്നായിരിക്കും. അതോടൊപ്പം, മറ്റൊരു കാര്യം കൂടി ആരാധകർ എടുത്തുപറയുന്നുണ്ട്. അടുത്തിടെ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിൽ ലൂസിഫര്‍ പുറത്തിറങ്ങി ഹിറ്റാവുകയാണെങ്കില്‍ മമ്മൂക്കയും ഡേറ്റ് തരണേയെന്ന് പൃഥ്വി പറയുന്നുണ്ട്. അപ്പോൾ ‘ഡേറ്റൊക്കെ എന്നേ തന്നു കഴിഞ്ഞു‘വെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഈ മറുപടിയിൽ ഉത്തരം ഒളിഞ്ഞു കിടപ്പുണ്ടെന്നാണ് ആരാധകർ പറയുന്നത്.
മറ്റൊരു സാധ്യത പൃഥ്വിരാജ് തന്നെയാണ്. ചിത്രത്തിൽ കാമിയോ റോളിൽ താരം അഭിനയിക്കുന്നുണ്ടെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലും ചിലർ പൃഥ്വിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. മുഖം വ്യക്തമല്ലാതെ ഒരു കഥാപാത്രത്തെ ചിത്രത്തിൽ കാണിച്ചിരുന്നു. അത് പൃഥ്വി ആണെന്നാണ് ആരാധകർ പറയുന്നത്. മോഹൻലാൽ ഡബിൾ റോളിൽ എത്തുമെന്നും ചിലർ പറയുന്നു.
ഇനിയുള്ളത് വിജയ് സേതുപതിയും സിദ്ധാർത്ഥുമാണ്. സിനിമ ഒരേ സമയം തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. അങ്ങനെയെങ്കിൽ തമിഴിലെ മുൻനിര നായകന്മാർ ആരെങ്കിലും ഉണ്ടാകുമെന്നാണ് ഫാൻസ് കണ്ടെത്തിയിരിക്കുന്നത്. പൃഥ്വിയുമായുള്ള സൌഹ്രദം കണക്കിലെടുത്താണ് സിദ്ധാർത്ഥിന്റെ പേരുകൾ ഉയർന്ന് വന്നതെങ്കിൽ മോഹൻലാലിനോടുള്ള ആരാധനയും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയും വൈറലായതോടെയാണ് വിജയ് സേതുപതിയുടെ പേര് ഉയർന്നു വന്നത്.
ഏതായാലും ആ സർപ്രൈസ് ഇന്ന് അറിയാം. ഇനി മണിക്കൂറുകൾ മാത്രം. ഒരു സിനിമ എങ്ങനെ മാർക്കറ്റ് ചെയ്യാം എന്ന് വ്യക്തമാക്കി മനസ്സിലാക്കി തരികയാണ് പൃഥ്വി.