മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ഏറെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ ഏറ്റെടുക്കുന്നത്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ സിനിമയിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച അഭ്യൂഹങ്ങളാണ് ശ്രദ്ധ നേടുന്നത്.
പ്രതിഫലത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയാണ് ഒന്നാമത് എന്നാണ് റിപ്പോർട്ട്. മമ്മൂട്ടി 16 കോടി വാങ്ങുമെന്നാണ് സോഷ്യൽ മീഡിയ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 15 കോടിയാണ് മഹേഷ് നാരായണൻ ചിത്രത്തിനായി മോഹൻലാൽ വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. അഞ്ച് കോടി വീതമാണ് കുഞ്ചാക്കോ ബോബന്റെയും ഫഹദ് ഫാസിലിന്റെയും പ്രതിഫലം എന്നും സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിൽ പറയുന്നു. 8 കോടിയാണ് നയൻതാരയുടെ പ്രതിഫലം എന്നും സൂചനയുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നിർമാതാവ് ജോബി ജോർജ് സിനിമയുടെ ബജറ്റ് സംബന്ധിച്ച് പങ്കുവെച്ച അപ്ഡേറ്റും ശ്രദ്ധ നേടിയിരുന്നു. 100 കോടിയോളം രൂപയാണ് സിനിമയുടെ ബജറ്റ് എന്നാണ് ജോബി ജോർജ് അന്ന് പറഞ്ഞത്. തെന്നിന്ത്യൻ നായിക നയൻതാരയാണ് മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിന്റെ മഹേഷ് നാരായണൻ സിനിമയിൽ നായികയായി എത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.