'എന്നെ എന്തിനാണ് ഒരു കുറ്റവാളിയെപ്പോലെ കാണുന്നത്? ഒരുപാട് ആലോചിച്ച ശേഷമാണ് സാമന്തയുമായി പിരിയുന്നത്'; നാ​ഗ ചൈതന്യ പറയുന്നു

നിഹാരിക കെ.എസ്

ശനി, 8 ഫെബ്രുവരി 2025 (10:50 IST)
നടി സാമന്തയും നാ​ഗ ചൈതന്യയും തമ്മിൽ വിവാഹമോചിതരായതിന് പിന്നാലെ സമാന്തയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. 2021 ലാണ് ഇരുവരും വേർപിരിഞ്ഞത്. ആദ്യമൊക്കെ സാമന്തയെ കുറ്റപ്പെടുത്തിയവർ നാഗ ചൈതന്യയെ കുറിച്ച് യാതൊന്നും മിണ്ടിയിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം മറ്റൊരു വിവാഹം കഴിച്ചതോടു കൂടി നാ​ഗ ചൈതന്യയ്ക്ക് നേരെ വൻതോതിൽ സൈബർ ആ​ക്രമണവും വിമർശനങ്ങളും ഉയരുകയും ചെയ്തു.
 
സാമന്തയെ കുറ്റപ്പെടുത്തിയവരെല്ലാം നാ​ഗ ചൈതന്യയെ വിമർശിച്ച് രം​ഗത്തെത്തി. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നാ​ഗ ചൈതന്യ. ഒരു പോഡ്കാസ്റ്റിലാണ് നാ​ഗ ചൈതന്യ പ്രതികരിച്ചത്. 
 
'ഞങ്ങൾക്ക് ഞങ്ങളുടേതായ വഴിക്ക് പോകണം എന്നുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഞങ്ങൾ ആ തീരുമാനമെടുത്തു. ഞങ്ങൾ ഇന്നും പരസ്പരം ബഹുമാനിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ ജീവിതം ഞങ്ങളുടേതായ രീതിയിൽ മുന്നോട്ട് കൊണ്ടു പോകുന്നു. ഇതിൽ കൂടുതൽ എന്ത് വിശദീകരണമാണ് വേണ്ടത്, എനിക്ക് മനസിലാകുന്നില്ല. പ്രേക്ഷകരും മാധ്യമങ്ങളും അത് മാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യത വേണമെന്ന് പറഞ്ഞിട്ടുണ്ട്. ദയവായി ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കൂ. 
 
പക്ഷേ, നിർഭാഗ്യവശാൽ ഇതൊരു തലക്കെട്ടായി മാറി, ​ഗോസിപ്പുകൾക്ക് മാത്രമുള്ള വിഷയമായി മാറി ഒരു എൻ്റർടെയ്ൻമെന്റായി. ഇത് എന്റെ ജീവിതത്തിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല, പിന്നെ എന്തിനാണ് എന്നെ ഒരു കുറ്റവാളിയെപ്പോലെ പരിഗണിക്കുന്നത്?. ഒരുപാട് ആലോചിച്ച ശേഷമാണ് സാമന്തയുമായുള്ള വിവാഹം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അല്ലാതെ അത് ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല. ആ വിവാഹത്തിൽ ഉൾപ്പെട്ടിരുന്നവരുടെയെല്ലാം നന്മയ്ക്കു വേണ്ടിയായിരുന്നു അത്. തീരുമാനം എന്തു തന്നെയായാലും, അത് വളരെ ബോധപൂർവമായ ഒരു തീരുമാനമായിരുന്നു.
 
എന്നെ സംബന്ധിച്ച്, എനിക്കിത് വളരെ സെൻസിറ്റീവായ വിഷയമായതു കൊണ്ടാണ് ഞാനിത് പറയുന്നത്. ഞാനിതുപോലെ തകർന്നുപോയ ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. ഞാൻ അങ്ങനെയൊരു കുടുംബത്തിലെ കുട്ടിയാണ്, അതുകൊണ്ട് തന്നെ അതിന്റെ അനുഭവം എത്രത്തോളം വലുതാണെന്ന് എനിക്കറിയാം. ഒരു ബന്ധം വേർപെടുത്തുന്നതിന് മുൻപ് ഞാനൊരു ആയിരം തവണ ആലോചിക്കാറുണ്ട്. കാരണം അതിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്ന് എനിക്കറിയാം. 
 
അത് പരസ്പരമുള്ള തീരുമാനമായിരുന്നു. ഞങ്ങൾ രണ്ടു പേരും ഞങ്ങളുടേതായ വഴിയിലൂടെ മുന്നോട്ട് പോകുന്നു. ഞങ്ങൾ ഞങ്ങളുടെ സ്വന്തം കാര്യം നോക്കുന്നു. ഞാൻ വീണ്ടുമൊരു പ്രണയം കണ്ടെത്തി. അതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഞങ്ങളും പരസ്പരം വളരെ ബഹുമാനത്തോടെയാണ് മുന്നോട്ട് പോകുന്നത്', നാ​ഗ ചൈതന്യ പറഞ്ഞു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍