'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ട് അച്ഛൻ അമ്മയോട് ക്ഷമ ചോദിച്ചു'; സിനിമയുടെ ഹിന്ദി പതിപ്പ് നായിക സന്യ മൽഹോത്ര

നിഹാരിക കെ.എസ്

ശനി, 8 ഫെബ്രുവരി 2025 (10:02 IST)
ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിച്ച മലയാള ചലച്ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ഈ സിനിമയിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തത്. 2021 ൽ ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെ റിലീസ് ആയ ചിത്രം ഏറെ ചർച്ചകൾക്ക് കാരണമായി. സിനിമയ്ക്ക് പിന്നാലെ, നടി നിമിഷ സജയന് നേരിടേണ്ടി വന്നത് വൻ സൈബർ ആക്രമണമായിരുന്നു. 
 
സിനിമയുടെ ഹിന്ദി റീമേക്കായ മിസിസ് കഴിഞ്ഞ ദിവസമാണ് സീ5 ൽ റിലീസ് ആയത്. ബോളിവുഡ് നടി സന്യ മൽഹോത്രയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ചിത്രത്തിൻറെ പ്രമോഷൻറെ ഭാഗമായി ഫസ്റ്റ്‌പോസ്റ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സന്യ മൽഹോത്ര ഈ ചിത്രം കണ്ടതിന് ശേഷം തൻറെ അമ്മയോട് തൻറെ അച്ഛൻ മാപ്പ് പറഞ്ഞെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
 
ചിത്രത്തിലെ വീട്ടമ്മയുടെ ക്യാരക്ടർ ശരിക്കും സമൂഹത്തിൽ കാണുന്ന ഒരാളാണ്. എന്നാൽ അത്തരം ഒരാളായി ഞാനോ, എൻറെ ചുറ്റുമുള്ള സ്ത്രീകളോ മാറരുത് എന്നതാണ് ഞാൻ ആഗ്രഹിക്കുന്നത്. സിനിമ കണ്ടതിന് പിന്നാലെ എൻറെ അച്ഛൻ അമ്മയോട് വന്ന് ക്ഷമ ചോദിച്ചതാണ് എന്നെ സംബന്ധിച്ച് ഈ ചിത്രത്തിലെ ഏറ്റവും വലിയ പാഠം എന്നാണ് സന്യ പറഞ്ഞത്. ഒരു സ്വയം നവീകരണമാണ് ഈ ചിത്രമെന്നും സന്യ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍