'വേട്ടയ്യനിൽ അഭിനയിച്ചതിന് ഒരു രൂപ പോലും കിട്ടിയില്ല, തമിഴ് കീഴടക്കണമെന്ന് എനിക്ക് ആഗ്രഹമില്ല'; തുറന്നു പറഞ്ഞ് അലൻസിയർ

നിഹാരിക കെ.എസ്

വെള്ളി, 7 ഫെബ്രുവരി 2025 (19:15 IST)
രജനികാന്ത് കേന്ദ്ര കഥാപാത്രമായ ചിത്രമാണ് 'വേട്ടയ്യൻ'. ഈ സിനിമയിൽ നടൻ അലൻസിയറും ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വേട്ടയ്യനിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ഒന്നും ലഭിച്ചില്ലെന്ന് നടൻ അലൻസിയർ പറയുന്നു. ചിത്രത്തിൽ ഒരു ജഡ്ജിയുടെ കഥാപാത്രത്തെയാണ് താൻ അവതരിപ്പിച്ചത്.
 
രജനികാന്ത്, അമിതാഭ് ബച്ചൻ തുടങ്ങിയവർക്കൊപ്പം അഭിനയിക്കാൻ കഴിയുമെന്ന ആഗ്രഹം മൂലമാണ് താൻ ആ സിനിമയ്ക്ക് സമ്മതം മൂളിയത് എന്നും നടൻ പറഞ്ഞു. 'നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് അലൻസിയർ ഇക്കാര്യം പറഞ്ഞത്.
 
'ഞാൻ രജിനികാന്ത്, അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പം അഭിനയിച്ചു. മുംബൈ വരൈ ഫ്ലൈറ്റ് ടിക്കറ്റ് തന്നാണ് കൊണ്ടുപോയത്. സത്യസന്ധമായി ഒരു തുറന്ന പുസ്തകം പോലെ പറയുകയാണ്. എനിക്ക് ഒരു രൂപ ശമ്പളം കിട്ടിയില്ല. ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും തന്നു. ഞാൻ അവിടെ ചെന്നിട്ട് ജഡ്ജി വേഷത്തിൽ ഇരിക്കണം, തമാശയാണ്. ഇനി ഇത് പറഞ്ഞതുകൊണ്ട് തമിഴിൽ എനിക്ക് വേഷം കിട്ടുമെന്ന് തോന്നുന്നില്ല. ഇവർ രണ്ടുപേരും അഭിനയിക്കുന്നത് എങ്ങനെയാണെന്ന് കാണണമെന്ന് മോഹിച്ച് മാത്രം പോയതാണ്. അല്ലാതെ തമിഴിൽ അഭിനയിക്കണമെന്നോ തമിഴ് കീഴടക്കണമെന്നോ എന്നൊന്നും എനിക്ക് താൽപര്യമില്ല,' എന്ന് അലൻസിയർ പറഞ്ഞു.
 
താൻ ജഡ്ജി വേഷത്തിൽ ഇരിക്കുമ്പോൾ ഒരു വശത്ത് രജനികാന്തും മറുവശത്ത് അമിതാഭ് ബച്ചനുമുണ്ട്. ഇവർ പെർഫോം ചെയ്യുന്നത് കാണണം എന്നതാണ് തന്റെ ആഗ്രഹം. രജനികാന്ത് തന്റെ ശരീര ഭാഷ കൊണ്ട് പെർഫോം ചെയ്യുന്നു. അതിന് ശേഷം അമിതാഭ് ബച്ചന്റെ പ്രകടനമാണ്. ഒരു സിംഹം ഗർജിക്കുന്ന പോലെയുള്ള ശബ്‍ദം കേട്ട് താൻ ഞെട്ടി. അവരോടൊപ്പം പിടിച്ച് നിൽക്കാൻ പറ്റില്ലെന്ന് ആ നിമിഷം തനിക്ക് മനസിലായെന്നും അലൻസിയർ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍