തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഇന്ന് വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത ഏഴു ദിവസം നേരിയ/ ഇടത്തരം മഴയ്ക്കും 13, 17,18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേതുടർന്ന് രണ്ട് ജില്ലകളിൽ മുന്നറിയിപ്പുണ്ട്.
ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ ബംഗാൾ ഉൾക്കടലിന് മുകളിൽ ഉയർന്ന ലെവലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ ഇത് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. തുടർന്നുള്ള 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.