കൊച്ചി: 2025 തുടങ്ങി ഒരു മാസം പൂർത്തിയാകുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടങ്ങളാണ്. ടോവിനോ തോമസ് നായകനായ ഐഡന്റിറ്റി ആയിരുന്നു ഈ വർഷത്തെ ആദ്യത്തെ റിലീസ്. തുടക്കം തന്നെ മോശം. വലിച്ച് നീട്ടിയ കഥയും ട്വിസ്റ്റുകളുടെ ഘോഷയാത്രയും സിനിമയെ കരകയറ്റിയില്ല. ഈ വർഷത്തെ ആദ്യ റിലീസ് തന്നെ പരാജയമായി മാറി. ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളുടെ കളക്ഷൻ റെക്കോഡ് നിർമാതാക്കളുടെ സംഘടന പുറത്തുവിട്ടിരുന്നു. ഇതിലാണ്, ഐഡന്റിറ്റിയുടെ പരാജയ കഥ ഉള്ളത്.
ടൊവിനോ തോമസിന്റെ ഐഡന്റിറ്റി എന്ന ചിത്രം 30 കോടി രൂപ ബജറ്റിൽ ആണ് ഒരുക്കിയത്. എന്നാൽ വെറും മൂന്നര കോടി രൂപ മാത്രമാണ് കേരളത്തിൽ നിന്ന് ചിത്രത്തിന് ലഭിച്ചത്. 18 കോടി ചെലവിട്ട് ഒരുക്കിയ പ്രാവിൻകൂട് ഷാപ്പിന്റെ കേരള കളക്ഷൻ വെറും നാല് കോടി രൂപ മാത്രമാണ്. ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷങ്ങളിലെത്തി രണ്ടര കോടി ബജറ്റിൽ ഒരുക്കിയ 'ഒരുമ്പെട്ടവൻ' നേടിയത് മൂന്ന് ലക്ഷം രൂപയാണ്.
ഈ വർഷം ജനുവരിയിൽ മാത്രം പുറത്തിറങ്ങിയത് 28 സിനിമകളാണ്. ഇതിൽ ഒരൊറ്റ സിനിമ മാത്രമാണ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയത് എന്നാണ് നിർമാതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ജനുവരിയിൽ മാത്രം 110 കോടി രൂപയുടെ നഷ്ടമാണ് മലയാള സിനിമയിൽ ഉണ്ടായത്. ആസിഫ് അലി - ജോഫിൻ ടി. ചാക്കോ കൂട്ടുകെട്ടിലിറങ്ങിയ 'രേഖാചിത്രം' മാത്രമാണ് ജനുവരിയിൽ ഹിറ്റായത്. എട്ടര കോടി ബജറ്റിൽ ഇറങ്ങിയ ഈ ചിത്രം കേരളത്തിലെ തിയേറ്ററിൽ നിന്ന് പന്ത്രണ്ടര കോടി രൂപയാണ് കളക്ട് ചെയ്തത്. ബാക്കിയെല്ലാ സിനിമകളും മുടക്കുമുതൽ തിരിച്ചുപിടിക്കുന്നതിൽ പോലും പരാജയപ്പെട്ടു എന്നാണ് നിർമാതാക്കളുടെ സംഘടന തന്നെ പറയുന്നത്.