ശോഭനയും രേവതിയും നായികമാർ, ഫഹദ് വില്ലൻ; ആ ചിത്രം നടക്കാതെ പോയതിന് പിന്നിൽ

നിഹാരിക കെ.എസ്

തിങ്കള്‍, 24 മാര്‍ച്ച് 2025 (10:28 IST)
കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ അരങ്ങേറി പിന്നീട് വർഷങ്ങളോളം ബ്രേക്ക് എടുത്ത് തിരിച്ച് വന്നശേഷമാണ് തന്റെ കാലിബർ ഫഹദ് ഫാസിൽ മലയാളികൾക്ക് മുന്നിൽ തെളിയിച്ചത്. ഫഹദ് ഫാസിലുമായി സൗഹൃദമുള്ള ആളാണ് സംവിധായകൻ ലാൽ ജോസ്. ലാൽ ജോസിനൊപ്പം ഫഹദ് ഡയമണ്ട് നെക്‌ളേസ്‌ എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. സിനിമ ഹിറ്റായിരുന്നു. എന്നാൽ, ഇതിന് മുൻപ് ഫഹദിനെ വെച്ച് ഒരു സിനിമ ചെയ്യാൻ ലാൽ ജോസ് തീരുമാനിച്ചിരുന്നു. നിർമാതാക്കളുടെ വാശി മൂലം ആ സിനിമ നടക്കാതെ വരികയായിരുന്നു. 
 
ഡയമണ്ട് നെക്ലേസിനു മുമ്പ് മറ്റൊരു സിനിമ ഫഹദിനെ നായകനാക്കി ആലോചിച്ചിരുന്നെങ്കിലും ഉപേക്ഷിക്കേണ്ടി വന്നെന്ന് സഫാരി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് വെളിപ്പെടുത്തിയത് വീണ്ടും ചര്‍ച്ചയാകുകയാണ്. ആ ചിത്രത്തിൽ നായകനും വില്ലനും ഫഹദ് തന്നെയായിരുന്നു. ശോഭന, രേവതി എന്നിവയായിരുന്നു ലീഡിങ് റോളിൽ ലാൽ ജോസ് മനസ്സിൽ കണ്ടിരുന്നത്.
 
'അമേരിക്കയിലെ പഠനം കഴിഞ്ഞ് വന്നപ്പോള്‍ അസിസ്റ്റന്റായി എനിക്കൊപ്പം വര്‍ക്ക് ചെയ്യണം എന്ന് പറഞ്ഞിരുന്ന ആളാണ്. ചുവന്ന ആപ്പിള്‍ കണക്കുള്ള നീ അസിസ്റ്റന്റായിട്ട് വെയില് കൊണ്ട് കറുക്കണ്ട. നിന്നെ നായകനാക്കി ഞാൻ ഒരു സിനിമ ചെയ്യും എന്ന് ഞാൻ ഫഹദിനോട് അന്ന് പറഞ്ഞിരുന്നു. പോ ചേട്ടാ കളിയാക്കാതെയെന്ന് ഫഹദ് പറയുകയും ചെയ്യുമായിരുന്നു. ആ കാലത്ത് ഫഹദിനെ വെച്ചൊരു സിനിമ ചെയ്യാൻ പദ്ധതിയിട്ടിരുന്നു. മദര്‍ ഇന്ത്യ എന്നായിരുന്നു ആ സിനിമയുടെ പേര്. ഫഹദായിരുന്നു അതിലെ നായകനും വില്ലനും. ശോഭനയും രേവതിയും ലീഡ് ചെയ്യുന്ന സിനിമയായിരുന്നു അത്.
 
അത് മുരളി ഗോപി പറഞ്ഞ കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ക്ലാസ്‍മേറ്റ്‍സിന് പിന്നാലെ ചെയ്യാനിരുന്ന സിനിമയായിരുന്നു. പക്ഷേ ഫഹദാണ് നായകൻ എന്നതിനാല്‍ സിനിമയുടെ നിര്‍മാതാക്കള്‍ പിൻമാറുകയായിരുന്നു. കയ്യെത്തും ദൂരത്ത് എന്ന ഒരു സിനിമയില്‍ നായകനായ ഫഹദിനെ മാത്രമേ അവര്‍ക്ക് അറിയാമായിരുന്നു. പുതിയ ഫഹദിനെ അവര്‍ക്ക് അറിയുമായിരുന്നില്ല. അങ്ങനെ നടക്കാതെ പോയ ഒരു സിനിമയാണ് അത്. പിന്നീടാണ് ഡയമണ്ട് നെക്ലേസ് സംഭവിച്ചത്', ലാൽ ജോസ് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍