മലയാളത്തിന്റെ അഭിമാന താരമാണ് ബാബു ആന്റണി. ഫഹദ് ഫാസിലിനെ ചേർത്ത് പിടിച്ച് മുത്തം നൽകി ബാബു ആന്റണി. തന്റെ മടിയിലിരുന്ന് കളിച്ചിരുന്ന പയ്യൻ ഇപ്പോൾ പാൻ ഇന്ത്യൻ നടൻ ആയതിലുള്ള സന്തോഷവും ബാബു ആന്റണി പങ്കുവെച്ചു. 'ഓടും കുതിര ചാടും കുതിര' സിനിമയുടെ ലൊക്കേഷനിൽ നിന്ന് എടുത്ത ചിത്രങ്ങളാണ് ബാബു ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പരസ്പരം മുത്തമേകുന്ന ബാബു ആന്റണിയേയും ഫഹദിനെയും ചിത്രങ്ങളിൽ കാണാം.
പൂവിനു പുതിയ പൂന്തെന്നൽ ചെയ്യുന്നതിനിടയിൽ എന്റെ മടിയിൽ ഇരുന്നു കളിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുന്നു. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയുടെ ലൊക്കേഷനിൽ ഞങ്ങൾ,' എന്ന കുറിപ്പോടെയാണ് ബാബു ആന്റണി ചിത്രം പങ്കുവച്ചത്.
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദർശൻ, രേവതി പിള്ള തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഓടും കുതിര ചാടും കുതിര. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.