ആ പരിപാടി എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല, ത്രാണിയില്ല: കുഞ്ചാക്കോ ബോബൻ

നിഹാരിക കെ എസ്
വ്യാഴം, 7 നവം‌ബര്‍ 2024 (14:00 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങള്‍ കൂട്ടരാജി പ്രഖ്യാപിച്ചത്. നേതൃസ്ഥാനത്ത് നിന്ന് പ്രസിഡന്റ് ആയിരുന്ന മോഹന്‍ലാല്‍ അടക്കമുള്ളവര്‍ രാജിവച്ച് വഴിമാറുകയായിരുന്നു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജഗദീഷ് തുടങ്ങിയവർ നേതൃത്വനിരയിലേക്ക് വരണമെന്നായിരുന്നു പൊതുസ്വരം.  
 
നവംബര്‍ ഒന്നിന് അമ്മ ആസ്ഥാനത്ത് നടന്ന പൊതുപരിപാടിയില്‍ സംഘടന തിരിച്ചുവരുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍. തനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞ്, സംഘടന നോക്കാന്‍ തനിക്ക് ത്രാണിയില്ല എന്നാണ് കുഞ്ചാക്കോ പറയുന്നത്.
 
'അമ്മ സംഘടനയില്‍ നിന്നും എന്നെ മാറ്റി നിര്‍ത്തുകയോ ഞാന്‍ മാറി നില്‍ക്കുകയോ ചെയ്തിട്ടില്ല. പക്ഷെ കമ്യൂണിക്കേഷന്റെ ഒരു ചെറിയ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. അതിനപ്പുറം അമ്മ എന്ന സംഘടന എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യാനുള്ള എല്ലാ നല്ല പ്രവൃത്തികളുടെയും കൂടെ ഞാനുണ്ടാകും. അതില്‍ യാതൊരു വ്യത്യാസവുമില്ല. അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നില്ല. എനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. സംഘടന നോക്കി നടത്താന്‍ കേപ്പബിള്‍ ആകണം. പൃഥ്വിരാജ്, വിജയരാഘവന്‍ ചേട്ടന്‍ എന്നിവരൊക്കെ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യതയുള്ളവരായി തോന്നിയിട്ടുണ്ട്. ജെന്റില്‍മാന്‍ പദവി ബാധ്യതയായി തോന്നിയിട്ടില്ല. അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. സ്വഭാവത്തിന്റെ ഭാഗമാണ്', കുഞ്ചാക്കോ ബോബൻ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article