ആർക്കെതിരെയും എന്ത് ആരോപണങ്ങളും വിളിച്ചു പറയാവുന്ന സ്ഥിതി: കുഞ്ചാക്കോ ബോബൻ

നിഹാരിക കെ എസ്
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (08:40 IST)
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടന്മാർക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ കുഞ്ചാക്കോ ബോബൻ. നടന്മാർക്കെതിരായ ലൈംഗികാരോപണത്തിൽ സത്യാവസ്ഥ ഉണ്ടെങ്കിൽ അത് തെളിയണമെന്നും ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ അതിന് പരിഹാരം കണ്ടെത്തിയോ മതിയാകൂ എന്നും കുഞ്ചാക്കോ ബോബൻ മനോരമ ന്യൂസിനോട് പറഞ്ഞു. ബോഗെയ്ൻവില്ല എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു നടന്റെ പ്രതികരണം.
 
താര സംഘടനയായ അമ്മ ഉടച്ചു വാർക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന പുതിയ രൂപത്തിലും ഭാവത്തിലും അമ്മ തിരിച്ചുവരണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ആരോപണ വിധേയർ മാറിനിൽക്കുന്നത് സ്വാഗതാർഹമെന്നും. സ്ത്രീത്വത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന പ്രവർത്തനം ഉണ്ടാകണമെന്നും അമ്മയുടെ മുൻ എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. ആർക്കെതിരെയും എന്ത് ആരോപണങ്ങളും വിളിച്ചു പറയാവുന്ന സ്ഥിതിയാണ് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
 
ബോഗയ്‌ന്‍വില്ലയിലെ സ്തുതി എന്ന പാട്ട് ക്രൈസ്തവ വിശ്വാസത്തെ ഹനിക്കുന്നതല്ലെന്നും താനൊരു വിശ്വാസിയാണെന്നും ഒരു വിശ്വാസത്തെയും ഹനിക്കരുതെന്ന് ചിന്തിക്കുന്ന ആൾ കൂടിയാണെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. പാട്ടിലെ വരികളുടെ അർത്ഥതലം സിനിമ കാണുമ്പോൾ വ്യക്തമാകും എന്നും നടൻ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article