മമ്മൂക്കയെ റീടേക്കിന് അനുവദിച്ചാൽ നമ്മൾ പെടും; കഥ പറഞ്ഞ് ഖാലിദ് റഹ്‌മാൻ

നിഹാരിക കെ.എസ്
തിങ്കള്‍, 17 മാര്‍ച്ച് 2025 (13:35 IST)
മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഉണ്ട'. മമ്മൂട്ടിയെന്ന നടനെ അത്രമേൽ മികച്ചതാക്കി കാണിച്ച സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച എസ് ഐ മണി എന്ന പൊലീസ് കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ഇൻട്രോ സീനിന് പിന്നിലെ രസകരമായ കഥ വിവരിക്കുകയാണ് സംവിധായകൻ. ഓരോ ടേക്കിലും അദ്ദേഹം റിഫൈൻ ചെയ്തു ബെറ്റർ ആയികൊണ്ട് പോകുമെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഖാലിദ് റഹ്‌മാൻ പറഞ്ഞു.
 
ഉണ്ടയിലെ മണി സാറിന്റെ ഇൻട്രോ സീൻ മൂന്ന് ടേക്കുകൾ ഉണ്ടായിരുന്നെന്നും മൂന്ന് തവണയും വ്യത്യസ്തമായ ചിരികളാണ് മമ്മൂട്ടി നൽകിയതെന്നും ഖാലിദ് റഹ്‌മാൻ പറഞ്ഞു. മമ്മൂട്ടി എന്ന ആക്ടറിനെ റീടേക്കിന് അനുവദിക്കുമ്പോൾ സംവിധായകർ പെടുമെന്നും കാരണം ഓരോ ടേക്കിലും അദ്ദേഹം റിഫൈൻ ചെയ്തു ബെറ്റർ ആയികൊണ്ട് പോകുമെന്നും ഖാലിദ് റഹ്‌മാൻ പറയുന്നു.
 
'ഉണ്ടയിലെ മണി സാറിന്റെ ഇൻട്രോ സീൻ മൂന്ന് ടേക്ക് ഉണ്ട് എന്റെ കയ്യിൽ. ആദ്യ ടേക്കിൽ ആക്ഷൻ പറഞ്ഞ് അത് ചെയ്തു കഴിഞ്ഞ് ഞാൻ പ്ലേയ്ബാക്കിൽ നോക്കുമ്പോൾ ആർക്കും ഒന്നും പറയാനില്ല. കാരണം അതൊരു പെർഫെക്റ്റ് ഷോട്ട് ആയിരുന്നു. അപ്പോൾ എനിക്ക് തോന്നിയത് മമ്മൂട്ടി എന്ന ആൾ അല്ലെ കയ്യിലിരിക്കുന്നേ എന്തിനാടാ പെട്ടെന്ന് ഓക്കേ പറയണേ എന്നാണ്. ഞാൻ മമ്മൂക്കയോട് പോയി അത് ഓക്കേ ആണ് പക്ഷെ ഒന്നുകൂടെ പോകാം എന്ന് പറഞ്ഞു. അദ്ദേഹം എന്നോട് എന്താണ് കാരണം എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എനിക്ക് കറക്ഷൻ പറയാൻ ഒന്നുമില്ല പക്ഷെ എഡിറ്റിംഗിൽ രണ്ട് മൂന്ന് ചോയ്സ് ഉണ്ടെങ്കിൽ നന്നാകും എന്ന് പറഞ്ഞു.
 
അങ്ങനെ രണ്ടാമത്തെ ടേക്കിൽ വേറെയൊരു ചിരി വന്നു. അതും എനിക്ക് ഓക്കേ ആയിരുന്നു. അപ്പോൾ ഞാൻ ഇനി നിർത്താം എന്ന് പറഞ്ഞു. ഉടനെ മമ്മൂക്ക ടേക്ക് ത്രീ എന്ന് പറഞ്ഞ് ഒരു ചിരിയും കൂടെ ഷൂട്ട് ചെയ്തു. അതും കഴിഞ്ഞ രണ്ടിൽ നിന്നും വ്യത്യസ്തമായിരുന്നു. അപ്പോഴാണ് എനിക്ക് മനസിലായത് മമ്മൂട്ടി എന്ന ആക്ടറിനെ റീടേക്ക് പോകുന്തോറും നമ്മൾ പെടും. നമ്മുടെ ഓപ്ഷൻസ് അപ്പോൾ കൂടുമെന്ന് മാത്രമല്ല അദ്ദേഹം റിഫൈൻ ചെയ്തു ബെറ്റർ ആയികൊണ്ട് പോകും. ഭയങ്കര ലെസ്സൺ ആയിരുന്നു അത്. ആദ്യം എടുത്ത ടേക്ക് തന്നെയാണ് സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്', ഖാലിദ് റഹ്‌മാൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article