പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലേക്ക് എത്തിയത്. മികച്ച സിനിമകളുടെ കാറ്റഗറിയില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിനാണ് ആധിപത്യം. കിഷ്‌കിന്ധാകാണ്ഡം, ഫെമിനിച്ചി ഫാത്തിമ, മലൈക്കോട്ടൈ വാലിബന്‍, പ്രഭയായ് നിനച്ചതെല്ലാം എന്നീ സിനിമകളും അന്തിമ പട്ടികയിലുണ്ട്.
മികച്ച നടനുള്ള പുരസ്‌കാരത്തിനായി ഇത്തവണയും വാശിയേറിയ മത്സരം നടക്കുന്നു. ഭ്രമയുഗത്തിലെ അഭിനയത്തിനു മമ്മൂട്ടിയും ലെവല്‍ ക്രോസ്, കിഷ്‌കിന്ധാകാണ്ഡം എന്നീ ചിത്രങ്ങളിലൂടെ ആസിഫ് അലിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇരുവരും അവാര്‍ഡ് പങ്കുവെച്ചാലും അതിശയിക്കാനില്ല. കിഷ്‌കിന്ധാകാണ്ഡത്തിലെ അഭിനയത്തിനു വിജയരാഘവനും എ.ആര്‍.എമ്മിലെ അഭിനയത്തിനു ടൊവിനോ തോമസും മികച്ച നടനാകാന്‍ മത്സരിക്കുന്നു.
പ്രഭയായ് നിനച്ചതെല്ലാം എന്ന ചിത്രത്തിലെ പ്രകടനത്തിനു കനി കുസൃതി, ദിവ്യ പ്രഭ എന്നിവരും രേഖാചിത്രത്തിലെ രേഖാ പത്രോസ് എന്ന കഥാപാത്രത്തിലൂടെ അനശ്വര രാജനും മികച്ച നടിക്കായുള്ള പോരാട്ടത്തില്‍ മത്സരിക്കുന്നു. ബോഗയ്ന്‍വില്ലയിലെ അഭിനയത്തിനു ജ്യോതിര്‍മയി, ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനു ഷംല ഹംസ എന്നിവരും മികച്ച നടിക്കായുള്ള കാറ്റഗറിയില്‍ ഉണ്ട്.