'ഇനി ആരും സിനിമ ചെയ്യാൻ വിളിച്ചില്ലെങ്കിലും കുഴപ്പമില്ല': മമ്മൂട്ടി ചിത്രത്തിൽ നിന്നും കാവ്യ മാധവൻ പിന്മാറിയത് ഇക്കാരണത്താൽ

നിഹാരിക കെ.എസ്

വെള്ളി, 9 മെയ് 2025 (10:58 IST)
ദിലീപുമായുള്ള വിവാഹശേഷം കാവ്യ മാധവൻ സിനിമ പൂർണമായും ഉപേക്ഷിച്ചു. എന്നിരുന്നാലും കാവ്യയെ മലയാളികൾ അത്ര പെട്ടന്നൊന്നും മറക്കില്ല. കരിയറിൽ വിഷമിപ്പിച്ച തില അനുഭവങ്ങളും കാവ്യക്കുണ്ടായിട്ടുണ്ട്. ഒരു മമ്മൂട്ടി ചിത്രത്തിൽ നിന്നും അവസാന നിമിഷം കാവ്യ പിന്മാറിയിരുന്നു. ജോഷി സംവിധാനം ചെയ്ത നസ്രാണി ആയിരുന്നു ആ സിനിമ. സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം പിന്നീടൊരിക്കൽ കാവ്യ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 
 
2007 ലാണ് നസ്രാണി എന്ന മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുന്നത്. വിമല രാമൻ ആയിരുന്നു നായിക ആയത്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മുക്തയും. വിമല രാമന് പകരം കാവ്യയെ ആയിരുന്നു ആദ്യം ഈ സിനിമയിൽ മമ്മൂട്ടിയുടെ നായികയായി തീരുമാനിച്ചത്. എന്നാൽ, അവസാന ഘട്ടം നായികാ സ്ഥാനത്ത് നിന്നും കാവ്യയെ മാറ്റി. പകരം മറ്റൊരു കഥാപാത്രം നൽകുകയായിരുന്നു. ഇതോടെയാണ് കാവ്യ സിനിമയിൽ നിന്നും പിന്മാറിയത്.
 
'എന്നെ നന്നായിട്ട് വിഷമിപ്പിച്ച കാര്യം തന്നെയായിരുന്നു അത്. ഒരുപക്ഷെ സിനിമയിൽ വന്നിട്ട് ഒരു സിനിമ വേണ്ടെന്ന് വെക്കുന്നതിലോ നഷ്ടപ്പെടുന്നതിലോ കരഞ്ഞിട്ടുണ്ടെങ്കിൽ ചിലപ്പോൾ ആ ഒരു സിനിമയ്ക്ക് മാത്രമായിരിക്കും. നന്നായിട്ട് വിഷമമുണ്ടായിരുന്നു. അതിൽ ആരെയും കുറ്റം പറയുന്നില്ല. ജോഷി സാറിന്റെ രണ്ട് സിനിമകളിൽ മുമ്പ് വർക്ക് ചെയ്തിട്ടുണ്ട്. രണ്ടും ഹിറ്റായ സിനിമകളാണ്. രഞ്ജിത്തേട്ടൻ എന്നും ഓർക്കുന്ന തരത്തിലുള്ള നല്ല കഥാപാത്രം തന്നയാളാണ്. 
 
പക്ഷെ ഒരു ക്യാരക്ടർ തന്നിട്ട് അത് മാറ്റുകയാണെങ്കിൽ ജസ്റ്റ് പറയണം. മറ്റുള്ളവർ പറഞ്ഞ് അറിയുക, പിന്നെ അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു. ജോഷി സാറുടെ പോലൊരു സിനിമയിൽ നിന്ന് മാറുക, രഞ്ജിത്തേട്ടനെന്ന സ്ക്രിപ്റ്റ് റെെറ്ററുടെ ക്യാരക്ടറും.

അത് ശരിയാണോ എന്ന് പലരും ചോദിച്ചു. പണ്ടത്തെ സ്വഭാവം വെച്ചാണെങ്കിൽ സിനിമ ചിലപ്പോൾ ചെയ്യും. പക്ഷെ ഞാനിത്തിരിയൊക്കെ മാറിയില്ലെങ്കിൽ എനിക്ക് തന്നെയാണ് ദോഷമെന്ന് മനസിലാക്കിയത് കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. അതിന്റെ പേരിൽ എന്നെ ആര് സിനിമയിൽ വിളിച്ചില്ലെങ്കിലും കുഴപ്പമില്ല', കാവ്യ അന്ന് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍