ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ. ഇതിൽ ദിലീപ് ആയിരുന്നു നായകൻ. ഈ സിനിമയിലേക്ക് ശാലിനിയെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, ശാലിനിയുടെ ഡേറ്റ് പ്രശ്നം വന്നതോടെ മറ്റൊരു നായികയെ അന്വേഷിക്കുകയായിരുന്നു. പുതിയൊരു കുട്ടിയെ നായികയായി പരിഗണിക്കാമെന്ന ചർച്ച അവസാനിച്ചത് കാവ്യ മാധവനിൽ ആയിരുന്നു. മഞ്ജു ആണ് ഈ കുട്ടി മതിയെന്ന അഭിപ്രായം പറഞ്ഞതെന്ന് ലാൽ ജോസ് പറഞ്ഞിരുന്നു. അതിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനിയായിരിക്കെയാണ് കാവ്യ സഹോദരിയുടെയും കാമുകിയുടെയും ഭാര്യയുടെയും റോളിൽ നിറഞ്ഞാടിയത് എന്നതും കൗതുകകരം. അവിടെ തുടങ്ങിയ ഹിറ്റ് ജോഡി നിരവധി സൂപ്പർഹിറ്റുകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. തെങ്കാശിപ്പട്ടണം, മീശ മാധവൻ, കൊച്ചി രാജാവ്, സദാനന്ദന്റെ സമയം തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്. ദിലീപും കാവ്യയും 2016ൽ വിവാഹിതരായി. 2018ൽ മകൾ മഹാലക്ഷ്മി പിറന്നു.