ഒറ്റ ദിവസം കൊണ്ട് തിയറ്ററുകളുടെ എണ്ണവും കൂടി, മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറി 'കാതല്‍' !

കെ ആര്‍ അനൂപ്
വെള്ളി, 24 നവം‌ബര്‍ 2023 (15:12 IST)
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ ഷോ മുതല്‍ ചിത്രത്തിന് മിക്കച്ച പ്രതികരണമാണ് ലഭിച്ചത്. വലിയ ബഹളങ്ങള്‍ ഒന്നുമില്ലാതെയാണ് ചിത്രം എത്തിയത്. അതുകൊണ്ടുതന്നെ പ്രീ റിലീസ് ബുക്കിങ്ങില്‍ പറയത്തക്ക നേട്ടങ്ങളൊന്നും ഉണ്ടായില്ല. ഇപ്പോള്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറുകയാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം. ഇവരുടെ ഒടുവില്‍ റിലീസ് ചെയ്ത കണ്ണൂര്‍ സ്‌ക്വാഡും ഇതേപോലെ ആയിരുന്നു തുടങ്ങിയത്. പ്രേക്ഷക അഭിപ്രായങ്ങള്‍ വന്നതോടെ മികച്ച ബുക്കിംഗ് ആണ് ഇപ്പോള്‍ കാതലിന്. രണ്ടാം ദിനത്തില്‍ തിയറ്ററുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായി. 
 
കേരളത്തിലെ 150 തിയേറ്ററുകളില്‍ ആയിരുന്നു കാതല്‍ റിലീസ് ചെയ്തത്. രണ്ടാം ദിനത്തില്‍ ഇപ്പോള്‍ 25 തിയറ്ററുകളില്‍ കൂടി പ്രദര്‍ശനം ഉണ്ടാകും. സ്‌ക്രീന്‍ കൗണ്ട് 175 ആയി മാറി.
സ്വവര്‍ഗാനുരാഗമാണ് ചിത്രത്തിന്റെ പ്രമേയം. സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച മാത്യു ദേവസി എന്ന ആളായി മമ്മൂട്ടി വേഷമിടുന്നു. ഭാര്യ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്.
 
ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കന്‍.
 
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article