ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടോക്സികിന്റെ ടീസർ റിലീസായതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് മമ്മൂട്ടിയുടെ കസബ സിനിമ. സ്ത്രീവിരുദ്ധതയെ ആഘോഷിക്കുന്ന നായകസങ്കൽപമാണ് കസബയിലേത് എന്ന് ഗീതു മോഹൻദാസ്, പാർവതി, റിമ കല്ലിങ്കൽ തുടങ്ങിയവർ ആരോപിച്ചിരുന്നു. ഇത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന വ്യക്തി തന്നെ സ്വന്തം സിനിമയിൽ സ്ത്രീവിരുദ്ധത ആഘോഷിക്കുന്നുവെന്ന ആരോപണമാണ് ഗീതു മോഹൻദാസ് ഇപ്പോൾ നേരിടുന്നത്.
സാഹചര്യം ഇങ്ങനെയായിരിക്കെ, കസബയുടെ നിർമാതാവ് ജോബി ജോർജിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. കസബയെ ആക്രമിച്ചവർ തന്നെ ഇത്തരത്തിൽ പടം എടുക്കേണ്ടി വന്നല്ലോ എന്നാണ് നിർമാതാവ് ജോബി ജോർജിന്റെ പ്രതികരണം. ചിലർക്ക് എല്ലാം ചെയ്യാം, ചിലർ ചെയ്താൽ പ്രശ്നമാകും. ഇതാണ് ഇരട്ടത്താപ്പ്, ജോബി ജോർജ് പറയുന്നു. മനോരമ ഓൺലൈനോട് സംസാരിക്കുകയായിരുന്നു നിർമാതാവ്.
'ഇന്നലെ ഇറങ്ങിയ ഒരു പടത്തിന്റെ ടീസർ കണ്ടു. കസബയെ ആക്രമിച്ചവർ തന്നെ ഇത്തരത്തിൽ പടം എടുക്കേണ്ടി വന്നല്ലോ. താൻ കുഴിച്ച കുഴിയിൽ എന്നെങ്കിലും താൻ തന്നെ വീഴും. സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമ. സമൂഹത്തിൽ എല്ലാ തരത്തിലുമുള്ള മനുഷ്യരുണ്ട് അവരുടെ കഥയാണ് സിനിമകൾ പറയുന്നത്. അതൊന്നും പറയാതെ ആർക്കും പടം ചെയ്യാൻ കഴിയില്ല', ജോബി ജോർജ് പറഞ്ഞു.