മറ്റുള്ളവരെ ചിരിപ്പിക്കാന്‍ മാത്രമല്ല അവരുടെ കണ്ണീരൊപ്പാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പൊന്നമ്മ ബാബു. മലയാളികൾക്ക് സുപരിചിതയായ നടി സേതുലക്ഷ്മി തന്റെ മകന്റെ കിഡ്നി മാറ്റിവക്കൽ ശസ്ത്രക്രിയക്കായി ഓടിനടക്കുകയായിരുന്നു. സേതുലക്ഷിമിയുടെ മകന് കിഡ്നി നൽകാൻ തയ്യാറാണെന്ന് പൊന്നമ്മ ബാബു അറിയിച്ചത് ആദ്യം വിശ്വസിക്കാൻ സമൂഹത്തിന് ബുദ്ധിമുട്ടായിരുന്നു.
‘ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നില്‍ക്കാന്‍ എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ ചേച്ചീ. കിഷോറിന് ഞാനെന്റെ കിഡ്‌നി നല്‍കും. എന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല. എനിക്കും വയസായില്ലേ ഡോക്ടര്‍മാരോട് ചോദിക്കണം, വിവരം പറയണം‘ എന്നായിരുന്നു പൊന്നമ്മ ബാബു പറഞ്ഞത്.
താരത്തിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് സിനിമാപ്രേമികളും സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു. താരത്തിന്റെ നല്ല മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നായിരുന്നു പലരും പറഞ്ഞത്. എന്നാൽ, ഇത്രയും നല്ലൊരു കാര്യം ചെയ്തിട്ടും പൊന്നമ്മ ബാബുവിനെ വേണ്ട രീതിയിൽ പരിഗണിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
‘ചേച്ചി വല്ല മീൻ വിൽക്കാനോ ശബരിമലയിലേക്ക് പോവുകയോ ഒക്കെ ചെയ്തിരുന്നെങ്കിൽ ഇവിടെ നിറഞ്ഞു നിന്നേനെ. ഇതിപ്പോൾ ഒരു ജീവൻ രക്ഷിക്കാൻ സ്വന്തം കിഡ്നി കൊടുക്കുന്നത് കൊണ്ട് ആരും കാണില്ല.’ എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
14 വർഷങ്ങളായി സേതുലക്ഷ്മിയുടെ മകൻ വൃക്ക രോഗത്താൽ ചികിത്സയിലാണ്. പണം പ്രശ്നമായതിനാൽ പല ആശുപത്രികളിൽനിന്നും ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്ന് സേതുലക്ഷ്മി പറഞ്ഞിട്ടുണ്ട്. പൊന്നമ്മ ബാബുനെ കൂടാതെ മറ്റു രണ്ട് പേരും മകന് കിഡ്നി നൽകാൻ തയ്യാറായി വന്നിട്ടുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം എത്രയും പെട്ടന്ന് ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുകയാണ് സേതുലക്ഷ്മി.