ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്ത ചിത്രമാണ് പേരൻപ്. മമ്മൂട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമുദവൻ എന്ന ടാക്സി ഡ്രൈവറുടേയും അവരുടെ മകൾ പാപ്പയുടെയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇനിയും റിലീസ് ആയിട്ടില്ല. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശനം നടത്തിയ ചിത്രം ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
2005ലാണ് ഈ ചിത്രത്തിന് ആസ്പദമായ ഒരു സംഭവം റാം നേരിൽ കാണുന്നത്. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. 2009ൽ തിരക്കഥ പൂർത്തിയായി. അമുദവൻ എന്ന കഥാപാത്രമാകാൻ ഒരാൾക്കേ കഴിയുമായിരുന്നുള്ളു, മമ്മൂക്കയ്ക്ക് എന്നാണ് റാം പറയുന്നത്.
ആദ്യം മമ്മൂക്കയെ സമീപിച്ചു. മമ്മൂക്ക ഓകെ പറഞ്ഞു. പക്ഷേ, വീണ്ടും കാത്തിരുന്നു, സാധനയ്ക്കായി. അതും നാല് വർഷം. തങ്കമീൻകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് സാധനയ്ക്ക് പുരസ്കാരം ലഭിച്ചിരുന്നു. നല്ല കഴിവുള്ള കുട്ടിയായതിനാൽ അവൾ വളരാൻ കാത്തിരുന്നു. പേരൻപിൽ ഒരു കൌമാരക്കാരിയെ ആണ് വേണ്ടിയിരുന്നത്.