'സംവിധാനം മോഹൻലാൽ' എന്നെഴുതി കാണിച്ചപ്പോൾ നിറഞ്ഞ കൈയ്യടി ആയിരുന്നു. മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ വെച്ച് നടന്നു. ക്രിസ്മസ് ദിനമായ നാളെയാണ് ചിത്രത്തിന്‍റെ റിലീസ്. ഇതിന് മുന്നോടിയായിട്ടായിരുന്നു പ്രിവ്യൂ ഷോ. നടി രോഹിണി, വിജയ് സേതുപതി, മണി രത്നം എന്നിവര്‍ക്കൊപ്പം പ്രണവ് മോഹന്‍ലാലും വിസ്മയ മോഹന്‍ലാലുമൊക്കെ ചിത്രം കാണാന്‍ എത്തിയിരുന്നു. ചിത്രത്തിന്‍റെ പ്രിവ്യൂവില്‍ നിന്നുള്ള റിവ്യൂസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
'കഥ, ക്യാമറ എല്ലാം മികച്ചത്. ഗംഭീര സിനിമ. അത്ഭുതകരമായ 3 ഡിയാണ് ചിത്രത്തിലേത്', രോഹിണി പറഞ്ഞു.
'ചിത്രത്തിലെ കഥാപാത്രങ്ങള്‍, 3 ഡി എഫക്റ്റ് എല്ലാം നമുക്ക് നന്നായി ഇഷ്ടപ്പെടും. കുടുംബത്തോടെ വന്ന് കാണാന്‍ പറ്റിയ സിനിമ', എന്നാണ് വിജയ് സേതുപതി ചിത്രം കണ്ട ശേഷം പറഞ്ഞത്.
'ഒരു മഹാനടന്‍ സംവിധാനം ചെയ്താല്‍ എങ്ങനെയുണ്ടാവും, അത് കാണാനാണ് വന്നത്. ഞങ്ങളുടെ പ്രതീക്ഷ ഫലവത്തായി. പ്രധാനമായും കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയാണ്. എന്നാല്‍ മുതിര്‍ന്നവര്‍ക്കും കാണാന്‍ പറ്റിയ സിനിമ. കുട്ടികള്‍ കൂടുതല്‍ ആസ്വദിക്കും. 3 ഡി ഗംഭീരം. ഒപ്പം ക്യാമറ വര്‍ക്കും സംഗീതവും. ഒരു സന്ദേശവുമുണ്ട് സിനിമയില്‍. അത് എനിക്ക് ഏറെ ഇഷ്ടമായി', പ്രിവ്യൂ കണ്ട പ്രേക്ഷകരിലൊരാള്‍ പറയുന്നു.
'കുട്ടികള്‍ക്ക് ഒരു ആഘോഷമായിരിക്കും. കുടുംബങ്ങള്‍ക്കും കാണാം. ഒരു ഹോളിവുഡ് മൂവി കണ്ടതുപോലെ', മറ്റൊരാള്‍ പറയുന്നു.
ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.