ചിലര്‍ ലക്ഷ്യമിടുന്നത് നമ്മുടെ ശരീരത്തെ വള്‍ഗറായി കാണിക്കാന്‍, ക്യാമറ ആംഗിള്‍ നിയന്ത്രിക്കാന്‍ എനിക്കാകില്ല: ഹണി റോസ്

രേണുക വേണു
ചൊവ്വ, 7 ജനുവരി 2025 (09:48 IST)
ഉദ്ഘാടന പരിപാടികള്‍ക്കു പോകുമ്പോള്‍ ക്യാമറകളിലും മൊബൈല്‍ ഫോണുകളിലും വീഡിയോ എടുക്കുന്നവരില്‍ പലരും ലക്ഷ്യമിടുന്നത് തന്റെ ശരീരത്തെ വള്‍ഗറായി കാണിക്കാനാണെന്നു നടി ഹണി റോസ്. രാജ്യത്തെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ചു താന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ലെന്നും താരം മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 
'ഒരു ഉദ്ഘാടനച്ചടങ്ങിന് എത്തുമ്പോള്‍ ക്യാമറകളിലും മൊബൈല്‍ ഫോണിലും പലരും വിഡിയോ എടുക്കാറുണ്ട്. ഇവരുടെ ക്യാമറ ആംഗിളൊന്നും നിയന്ത്രിക്കാന്‍ എനിക്കാകില്ല. ഈ വിഡിയോകളില്‍ ചിലരെങ്കിലും ലക്ഷ്യമിടുന്നതു നമ്മുടെ ശരീരത്തെ വള്‍ഗറായി കാണിക്കാനാണ്. വിഡിയോ പുറത്തുവരുമ്പോഴാണു നമ്മളറിയുന്നത്. ഞാന്‍ ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ചു പൊതുവേദിയില്‍ എത്തിയിട്ടില്ല,' ഹണി റോസ് പറഞ്ഞു. 
 
അതേസമയം ഫെയ്‌സ്ബുക്കില്‍ ഹണി റോസിന്റെ പോസ്റ്റിനു താഴെ മോശം കമന്റുകള്‍ ഇട്ടവര്‍ക്കെതിരെ പൊലീസ് നടപടികള്‍ തുടരുകയാണ്. ഹണി റോസ് നല്‍കിയ പരാതിയില്‍ കുമ്പളം സ്വദേശി ഷാജിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റുകള്‍ വരുംദിവസങ്ങളില്‍ ഉണ്ടായേക്കും. നടിയുടെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള ആളുകളുടെ കമന്റുകള്‍ പരിശോധിക്കുകയാണെന്ന് സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയി പറഞ്ഞു. കേസെടുത്ത വിവരം അറിഞ്ഞതിനു പിന്നാലെ പലരും കമന്റുകള്‍ ഡിലീറ്റ് ചെയ്ത് അക്കൗണ്ട് റദ്ദാക്കിയതായും പൊലീസ് കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article