ചോർന്നത് എമ്പുരാന്റെ എച്ച്.ഡി പതിപ്പുകൾ, തിയേറ്ററുകളിൽ നിന്നും പകർത്തിയവയല്ല?; പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്

നിഹാരിക കെ.എസ്

ശനി, 29 മാര്‍ച്ച് 2025 (08:30 IST)
കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എമ്പുരാന്റെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ ചോർന്നിരുന്നു. ചോർന്ന വ്യാജ പതിപ്പുകളെല്ലാം എച്ച്.ഡി നിലവാരത്തിലുള്ളവയാണ്. ഇവയൊന്നും തിയേറ്ററുകളിൽ നിന്നും പകര്‍ത്തിയതാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളാണു ചോര്‍ന്നത്. റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളിലെല്ലാം ഇതേ പ്രിന്റ് തന്നെയാണു അപ്ലോഡ് ചെയ്തിട്ടുള്ളത്.
 
തിയറ്ററുകളില്‍ നിന്നു പകര്‍ത്തുന്ന പതിപ്പുകള്‍ക്കു സാധാരണഗതിയില്‍ ദൃശ്യശബ്ദ നിലവാരം കുറവായിരിക്കും. ഒപ്പം, ക്വളിറ്റിയിലും വ്യത്യാസമുണ്ടാകും. ചിത്രം ചോര്‍ന്നതു തിയറ്ററുകളില്‍ നിന്നല്ലെങ്കില്‍ പിന്നെ എവിടെ നിന്ന് എന്ന ചോദ്യം സിനിമാ മേഖലയില്‍ നിന്നു തന്നെ ഉയരുന്നുണ്ട്. ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ റിലീസ് ചെയ്തു 10 മണിക്കൂറിനുള്ളിലാണു ടെലഗ്രാമിലും വെബ്‌സൈറ്റുകളിലും വ്യാജ പതിപ്പ് എത്തിയത്.
 
എന്നാല്‍ ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്നാണ് കൊച്ചി സൈബര്‍ പൊലീസ് പറയുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം ആരംഭിക്കുമെന്നും വെബ്‌സൈറ്റുകളില്‍ നിന്നു ചിത്രം നീക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ചിത്രങ്ങളുടെ വ്യാജ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പ്രഫഷനല്‍ എത്തിക്കല്‍ ഹാക്കര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍