എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

അഭിറാം മനോഹർ

വെള്ളി, 28 മാര്‍ച്ച് 2025 (18:10 IST)
എമ്പുരാന്‍ സിനിമയുടെ സ്‌ക്രീനിങ് കമ്മിറ്റിയിലുള്ള ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ച സംഭവിച്ചതായി ബിജെപി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം.  ബിജെപിയുടെ സാംസ്‌കാരിക സംഘടനയായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജി എം മഹേഷ് അടക്കം നാല് പേര്‍ സ്‌ക്രീനിങ് കമ്മിറ്റിയിലുണ്ടായിട്ടും സെന്‍സറിങ് സമയത്ത് എതിര്‍പ്പ് ഉണ്ടായില്ലെന്നത് ചൂണ്ടികാട്ടിയാണ് വിമര്‍ശനം. വിഷയം ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ എമ്പുരാനെതിരെ പ്രചാരണം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് പാര്‍ട്ടി. അതേസമയം എമ്പുരാന്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതല്ല തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റെന്നും ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റിയില്‍ വ്യക്തമാക്കി.
 
സെന്‍സര്‍ ബോര്‍ഡ് മുന്‍പാകെ സിനിമ വന്നപ്പോള്‍ ബോര്‍ഡില്‍ അംഗങ്ങളായ ബിജെപി അംഗങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടായില്ലെ എന്ന ചോദ്യമാണ് കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നത്. എന്നാല്‍ ബോര്‍ഡിലുള്ള ബിജെപി അംഗങ്ങളുടെ കാലാവധി നവംബറില്‍ അവസാനിച്ചെന്നും ബിജെപി നോമിനികള്‍ സെന്‍സര്‍ ബോര്‍ഡിലില്ലെന്നും കെ സുരേന്ദ്രന്‍ വിശദീകരിച്ചു. ഈ വീഴ്ചക്കെതിരെ സംഘടനതല നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
 
 നേരത്തെ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിനും എമ്പുരാന്‍ സിനിമയ്ക്കും ആശംസ നേര്‍ന്നതിനൊപ്പം സിനിമ താന്‍ വൈകാതെ കാണുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.ഇതിന് ശേഷമായിരുന്നു സിനിമയ്‌ക്കെതിരെ വലിയ സൈബര്‍ ആക്രമണം ഉയര്‍ന്നതും. മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്തായതിനാലാണ് വിജയാശംസ നേര്‍ന്നതെന്നാണ്  രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ വിശദീകരണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍