മലയാളികള്‍ ഏറ്റവും വലിയ ഹൈപ്പ് നല്‍കി കാത്തിരിക്കുന്ന സിനിമയാണ് 'എംപുരാന്‍'. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. എംപുരാന്റെ ഷൂട്ടിങ് ഷെഡ്യൂള്‍ ഹൈദരബാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റുന്നുവെന്ന അപ്‌ഡേറ്റാണ് പൃഥ്വിരാജ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അതിനൊപ്പം ചില കുപ്രചരണങ്ങളുടെ മുനയൊടിക്കാനും പൃഥ്വി ശ്രദ്ധിച്ചിട്ടുണ്ട്.
തെന്നിന്ത്യയിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് എംപുരാനില്‍ നിന്ന് പിന്മാറി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചില പ്രചരണങ്ങള്‍ നടന്നിരുന്നു. എംപുരാനില്‍ ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മാണ പങ്കാളിത്തത്തില്‍ നിന്ന് മാറിയതെന്നായിരുന്നു പ്രചരണം. എന്നാല്‍ ലൈക്ക പ്രൊഡക്ഷന്‍സ് ഇപ്പോഴും എംപുരാന്‍ പ്രൊഡക്ടിന്റെ ഭാഗമാണെന്ന് പൃഥ്വിരാജിന്റെ പുതിയ അപ്‌ഡേറ്റ്‌സില്‍ നിന്ന് വ്യക്തമാണ്.
ഷൂട്ടിങ് ലൊക്കേഷന്‍ മാറിയത് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആശീര്‍വാദ് സിനിമാസ്, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ലൈക്ക പ്രൊഡക്ഷന്‍സിനേയും പൃഥ്വിരാജ് ടാഗ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കുപ്രചരണങ്ങള്‍ പൃഥ്വി കാണുന്നുണ്ടെന്നും അവര്‍ക്കുള്ള മറുപടിയാണ് ഈ പോസ്റ്റെന്നും ആരാധകര്‍ പറയുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ഒരുക്കുന്ന എംപുരാന്റെ തിരക്കഥ മുരളി ഗോപിയാണ്. സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തുടര്‍ച്ചയാണ് എംപുരാന്‍. മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമേ സൗത്ത് ഇന്ത്യയില്‍ നിന്നുള്ള വേറൊരു സൂപ്പര്‍താരവും എംപുരാനില്‍ ഉണ്ടെന്നാണ് വിവരം. അടുത്ത വര്‍ഷം ആദ്യത്തോടെ ആയിരിക്കും ചിത്രത്തിന്റെ റിലീസ്.