ശാരീരിക ഉപദ്രവം, പല തവണ പോലീസിനെ വിളിച്ചിട്ടുണ്ട്; എലിസബത്തിന്റെ വെളിപ്പെടുത്തലിൽ ബാല കുടുങ്ങുമോ?

നിഹാരിക കെ.എസ്

ബുധന്‍, 26 ഫെബ്രുവരി 2025 (14:17 IST)
ബാലയെ ഒരുപാട് സ്‌നേഹിച്ചു പോയതുകൊണ്ടാണ് ഒരുപാട് മർദ്ദനങ്ങൾ ഏറ്റിട്ടും പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് നടന്റെ മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ചെയ്തതിന് ശേഷവും പല സ്ത്രീകളെയും ഫ്‌ളാറ്റിലേക്ക് കൊണ്ടുവരാറുണ്ട്. കഴുത്തിന് കുത്തിപ്പിടിച്ചും തലമുടിക്ക് പിടിച്ചും മുഖത്തടിച്ചും മർദ്ദിച്ചിരുന്നു. ചില അവസരങ്ങളിൽ തന്നെ മോഷ്ടാവായി ചിത്രീകരിച്ചുവെന്നും എലിസബത്ത് ആരോപിക്കുന്നു. 
 
പല തവണ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇടയ്ക്കിടെ പൊലീസ് സ്റ്റേഷനിൽ വിളിക്കുന്നതു കൊണ്ട് നിങ്ങൾക്ക് എന്താ വട്ടാണോ എന്ന് വരെ തന്നോട് ചോദിച്ചിട്ടുണ്ട്. ബാലയെ ഒരുപാട് സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്ത തന്നോട് എങ്ങനെ ഇത്രയും ക്രൂരമായി പെരുമാറാൻ എങ്ങനെ കഴിഞ്ഞു എന്ന് വിതുമ്പലോടെ ചോദിച്ചു കൊണ്ടാണ് എലിസബത്ത് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
 
എലിസബത്ത് പറയുന്നതിങ്ങനെ;
 
കല്യാണം കഴിഞ്ഞതിന് ശേഷം അയാൾ വേറെ പെണ്ണുങ്ങളെ ഒക്കെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവരുന്നുണ്ട് എന്നൊക്കെ ഞാൻ അറിഞ്ഞിരുന്നു. എന്നെ പലരും വിളിച്ചു പറയുമല്ലോ. അത് അറിഞ്ഞിട്ടാണ് ഞാൻ ഇറങ്ങി പോന്നത്. ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും എനിക്ക് അടി കിട്ടിയിട്ട് നമ്മൾ സ്റ്റേഷനിലൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. സ്റ്റേഷനിൽ നിന്ന് പൊലീസ് വന്നപ്പോഴേക്കും ഇയാൾ ഇവിടുന്ന് ഓടി വേറെ സ്ഥലത്തേക്ക് പോയി. അപ്പോൾ അവർ പറഞ്ഞു പരാതി എഴുതി തരണമെന്ന്! അപ്പോഴും എനിക്ക് ആളെ ഇഷ്ടമാണല്ലോ. അതുകൊണ്ട് ഞാൻ പരാതി എഴുതി കൊടുത്തില്ല. പക്ഷേ, പിന്നെ ആള് തിരിച്ചു വീട്ടിലേക്ക് വരുന്നില്ല. ഞാൻ ഇറങ്ങി പോയാലേ പുള്ളി വരുള്ളൂ എന്നാണ് ഡിമാൻഡ്. അപ്പോൾ പിന്നെ ഞാൻ ഇറങ്ങി പോകാണ്ടിരുന്നിട്ട് കാര്യമില്ലല്ലോ.
 
വീട്ടിൽ ഒരു നായ്ക്കുട്ടിയുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് നായ്ക്കുട്ടിയെ. പക്ഷേ, ഞാൻ നായ്ക്കുട്ടിയെ എടുത്തുകൊണ്ടു പോയാൽ ഞാൻ അതിനെ കട്ടുകൊണ്ട് പോയി എന്ന് പറയും. ഞാൻ അങ്ങനെ കരുതാൻ കാരണമുണ്ട്. പണ്ട് എനിക്ക് ന്യുമോണിയ വന്നിട്ട് ഞാൻ കുറച്ചു ദിവസം ഇവിടെ നിന്നും മാറി നിന്നിരുന്നു. ആ സമയത്ത് ഇയാൾ പ്രചരിപ്പിച്ചത് ഞാൻ ഇവിടെ നിന്ന് 25 ലക്ഷം രൂപ കട്ടുകൊണ്ടുപോയി എന്നാണ്. അങ്ങനെ രൂപ കട്ടുകൊണ്ടുപോയ ആളാണെങ്കിൽ പിന്നെ വീണ്ടും എന്തിനാണ് വിളിച്ചു കയറ്റിയത്? അത് ചിന്തിച്ചു കൂടെ? ഒരു ദിവസം പുലർച്ചെ മൂന്നു മണിക്ക് എന്നെ വിളിച്ചിട്ട്, ‘ചോര ഛർദ്ദിക്കുന്നു.. ആശുപത്രിയിലാണ്… അവിടെ ആരുമില്ല ഒപ്പ് ഇടാൻ,’ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ തിരികെ വന്നത്.
 
പറഞ്ഞുകൊണ്ടിരുന്നത് ഞാൻ ഇറങ്ങി പോയപ്പോൾ നായ്ക്കുട്ടിയെ നോക്കുന്ന കാര്യമാണ്. അതിന് ഭക്ഷണം കൊടുത്തിട്ട് ഞാൻ വക്കീലിനെ വിളിച്ച് ചോദിച്ചു, ‘ഇങ്ങനെ ഇറങ്ങിപ്പോയാൽ കുഴപ്പമുണ്ടോ’ എന്ന്. അപ്പോൾ വക്കീൽ പറഞ്ഞത് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി അറിയിച്ച്, താക്കോൽ അവിടെ ഏൽപ്പിച്ചിട്ട് വേണം പോകാൻ എന്ന്. സ്റ്റേഷനിൽ പോയി എഴുതിക്കൊടുത്ത് കാര്യങ്ങൾ റെക്കോർഡ് ആക്കിയിട്ട് വേണം പോകാൻ എന്ന് അദ്ദേഹം പറഞ്ഞു. കാരണം ഫ്‌ളാറ്റിന്റെ സെക്യൂരിറ്റി താക്കോൽ വാങ്ങിയില്ല. പൊലീസ് കേസ് ഒക്കെ ആയതുകൊണ്ട് പുള്ളിക്ക് പേടി ആയിരുന്നു. ഞാൻ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവർ പറഞ്ഞത്, ‘നിങ്ങളുടെ കുടുംബപ്രശ്‌നം നിങ്ങൾ തീർക്ക്! അല്ലാണ്ട് ഇവിടെ പരാതി കൊടുത്തിട്ട് കാര്യമില്ല’ എന്നാണ്. എന്നോട് വക്കീൽ പറഞ്ഞത് ഒരു കത്തെഴുതി അതിനൊപ്പം താക്കോൽ കൊടുത്ത് ഒരു രസീത് വാങ്ങാനാണ്. കാരണം അവസാനം അവിടുന്ന് എന്തെങ്കിലും മോഷ്ടിച്ച് കൊണ്ട് പോയി, എന്തെങ്കിലും അടിച്ചു നശിപ്പിച്ചുപോയി എന്നൊക്കെ പിന്നീട് പറയും, കാരണം നാക്കിന് എല്ലില്ലാത്ത ആൾക്ക് എന്തുവേണമെങ്കിലും പറയാമല്ലോ.
 
അതിന് മുമ്പ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞിട്ട് എനിക്കൊരു ഫോൺ കോൾ വന്നിട്ടുണ്ടായിരുന്നു. വിളിച്ച ആളുടെ പേരും നമ്പറും ഒക്കെ എന്റെ കയ്യിലുണ്ട്. വിളിച്ചത് സ്റ്റേഷനിൽ നിന്ന് തന്നെയാണോ അതോ ഇയാളുടെ ഗുണ്ടകൾ പേടിപ്പിക്കാൻ വിളിച്ചതാണോ എന്ന് എനിക്കറിയില്ല. വിളിച്ച വ്യക്തി പറഞ്ഞത് ഞാൻ അയാളെ ഉപദ്രവിച്ചു എന്നൊരു പരാതി കിട്ടിയിട്ടുണ്ട് എന്ന്. അയാളുടെ കയ്യിലൊക്കെ പോറൽ ഉണ്ട് എന്നൊക്കെ പറഞ്ഞു. ആ പോറൽ ഉള്ള വീഡിയോ പിന്നെ ഞാൻ കണ്ടു. അയാൾ പലർക്കും അത് അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ എന്റെ കഴുത്തൊക്കെ പിടിച്ച് ഞെരിച്ചിട്ട് ഞങ്ങൾ തമ്മിൽ ഒരു മൽപ്പിടുത്തമൊക്കെ നടന്നിരുന്നു. എന്നെ ഒരുപാട് തല്ലി. ആ സമയത്ത് നമ്മൾ മരണവെപ്രാളത്തിൽ പലതും ചെയ്യുമ്പോൾ ചിലപ്പോൾ ഒരു പോറൽ ഒക്കെ വന്നു എന്ന് വരാം. അതായിരിക്കാം ഉണ്ടായത്. എന്റെ മുടിയൊക്കെ പിടിച്ചു വലിച്ചതോക്കെ എനിക്ക് ഓർമയുണ്ട്.
 
എന്റെ കയ്യിലും ചുണ്ടിലും ചോര വന്ന കുറെ ഫോട്ടോ ഞാൻ എടുത്തിരുന്നു. അതുപോലെ തന്നെ എന്റെ മുഖത്ത് നീര് വന്നത് ഞാൻ ഫോട്ടോ എടുത്തു വച്ചിട്ടുണ്ടായിരുന്നു. പുള്ളി ഇങ്ങനെ പിച്ചി മാന്തി എന്ന് പറഞ്ഞ കുറെ ഫോട്ടോകൾ പൊലീസുകാർക്ക് അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. അത് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയിട്ട് പുള്ളി കേസ് കൊടുത്തിട്ടുണ്ട്. നിങ്ങളുടെ പേരിൽ പരാതി ഉണ്ട് എന്നൊക്കെ പറഞ്ഞിട്ടാണ് എനിക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളി വരുന്നത്. എന്നെ അടിച്ചിട്ട് അയാൾ പോകുമ്പോൾ ഞാനും പൊലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നു. ഞാൻ വിളിച്ച സമയത്തുള്ള ക്യാമറ നോക്കിയാൽ അയാൾ ഇറങ്ങിപ്പോകുന്നത് കാണാം. പൊലീസുകാർ വന്നപ്പോൾ എന്റെ മുഖത്തെ നീര് കണ്ടിട്ടാണ് എന്നോട് അന്ന് പരാതി എഴുതികൊടുക്കാൻ പറഞ്ഞത്. അന്ന് വന്ന പൊലീസുകാർ ഭയങ്കര നല്ല ആൾക്കാരായിരുന്നു. ഞാൻ അതിനു മുമ്പും ഇവരെ വിളിച്ചിട്ടുണ്ടായിരുന്നു.
 
ഇയാൾ അതിന് മുമ്പ് രണ്ട് ചെക്കന്മാരെ അടിച്ച് അവർ ആശുപത്രിയിൽ അഡ്മിറ്റ് ആയി, പൊലീസ് കേസ് ഒക്ക ഉണ്ടായിരുന്നു. അപ്പുറത്തെ വീട്ടിൽ നിന്ന് ഹെൽമെറ്റ് എന്തോ അവർ എടുത്തിട്ട് പോയി എന്നൊക്കെ പറഞ്ഞിട്ട് ആണ് അവരെ വിളിപ്പിച്ചു വരുത്തി തല്ലിയത്. ശരിക്കും ഇയാളെ കാണാൻ വേണ്ടി അവർ വീട്ടിൽ വന്നതാണ്. പോകുമ്പോൾ അവരുടെ ഹെൽമെറ്റ് എടുത്തിട്ടാണ് പോയത്. പക്ഷേ, വീട്ടിൽ ഇരുന്ന ഹെൽമെറ്റ് എടുത്തുകൊണ്ടുപോയി എന്നുപറഞ്ഞാണ് അവരെ അടിച്ചത്. അന്ന് ഞാൻ വല്ലാതെ പേടിച്ചുപോയി. അവരെ ഇയാൾ ഒരുപാട് തല്ലി. ഞാൻ പിന്നെ പോയി ഇയാളെ കെട്ടിപ്പിടിച്ചിട്ടാണ് തിരിച്ചു കൊണ്ടുവന്നത്. അവർ ആശുപത്രിയിൽ അഡ്മിറ്റ് ആയി. പിറ്റേന്ന് ഇയാൾ ഒരു കട ഉദ്ഘാടനത്തിന് പോവുകയാണ്. എനിക്ക് വീട്ടിലിരിക്കാൻ പേടിയായി. ഞാൻ അന്ന് ഒരു 21 ദിവസം ആ ആശുപത്രിയിൽ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അന്ന് ഞാൻ ലീവ് എടുത്തു.
 
ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ്. ഇയാൾ ആണെങ്കിൽ എയർ ഗൺ ഒക്കെ കൊണ്ടാണ് നടപ്പ്. ആളും പേടിച്ചിരുന്നു. അതുകൊണ്ട് ബ്ലാക്ക് ക്യാറ്റിനെ ഒക്കെ വിളിച്ച് വീണ്ടും വേറെ രണ്ടു മൂന്ന് പയ്യന്മാരുമായിട്ടാണ് പോയത്. വീട്ടിൽ ഒറ്റയ്ക്കിരുന്നപ്പോൾ അപ്പുറത്തെ വീട്ടുകാർ എന്നോട് പറഞ്ഞു, ആരോ വന്നു വാതലിൽ മുട്ടി അപ്പുറത്തെ വീട്ടിലത്തെ ചേച്ചിയോട് എന്തോ ചോദിച്ചു എന്ന്. എനിക്ക് പേടിയായി. ഇയാളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. അസിസ്റ്റന്റിനെ വിളിച്ചിട്ടും കിട്ടിയില്ല. ഞാനും വരട്ടെ എന്ന് ചോദിച്ചപ്പോൾ, വരണ്ട എന്ന് പറഞ്ഞു. പുള്ളി സ്വന്തം സുരക്ഷ മാത്രം നോക്കി പോയി. പക്ഷേ, എന്നെ കൊണ്ടുപോകാതെ പോകാനുള്ള കാരണങ്ങൾ വേറെയുണ്ട്. വേറെ കുറച്ച് ആൾക്കാർ ഒപ്പം ഉണ്ടായിരുന്നു. അത് ഞാൻ ഇവിടെ പറയുന്നില്ല. കുറച്ച് സസ്‌പെൻസുകൾ ഇരിക്കട്ടെ. അതുകഴിഞ്ഞിട്ട് ഞാൻ പുള്ളിയുടെ അമ്മയെ വിളിച്ചു. അപ്പോൾ അവർ പറഞ്ഞു, പ്രാർത്ഥിക്ക് എന്ന്. പിന്നീട് ഞാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞു. പൊലീസ് വിളിച്ചപ്പോൾ അയാൾ വേഗം ഫോൺ എടുത്ത് വീട്ടിലേക്ക് വന്നു.
 
ഇതിനിടയിൽ ‘നിങ്ങൾ ഇടയ്ക്കിടെ പൊലീസ് സ്റ്റേഷനിൽ വിളിക്കുന്നുണ്ടല്ലോ? നിങ്ങൾക്ക് എന്താ വട്ടാണോ’ എന്നാണ് എന്നോട് ചോദിക്കുന്നത്. ഞാൻ എന്റെ ജീവന് അപായം തോന്നിയ സമയത്താണ് അന്ന് വിളിച്ചത്. അന്ന് മുഷ്ടി ചുരുട്ടി ആണ് എന്റെ മുഖത്ത് ഇടിച്ചത്. മാത്രമല്ല എന്റെ കഴുത്ത് പിടിച്ച് ഞെരിക്കുകയും എന്റെ വിരൽ പിടിച്ച് ഒടിക്കാൻ നോക്കുക, മുടി പിടിച്ചിട്ട് വലിക്കുക അങ്ങനെ കുറെ ഉപദ്രവിച്ചിരുന്നു. നമുക്ക് ഒരു ജീവാപായം തോന്നുമ്പോൾ പൊലീസിനെ അല്ലാതെ പിന്നെ ആരെയാണ് വിളിക്കുക? ഇയാളുടെ കൂടെ ജീവിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി. സാധാരണക്കാരായ ജനങ്ങൾക്ക് ഇവിടെ നീതി ലഭിക്കില്ല.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍