സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു എലിസബത്തിന്റെ പ്രതികരണം. ബാലയെ പിന്തുണയ്ക്കുകയും തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത കമന്റുകൾ പങ്കുവച്ചു കൊണ്ടായിരുന്നു എലിസബത്തിന്റെ പ്രതികരണം. താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് കുറിപ്പിൽ എലിസബത്ത് പറയുന്നത്. ബാലയുടെ കരൾ മാറ്റിവെക്കലിനെതിരേയും എലിസബത്ത് സംശയം ഉന്നയിക്കുന്നുണ്ട്.
'നിങ്ങളുടെ പ്ലാനിംഗ് ഇപ്പോഴും അവസാനിച്ചിട്ടില്ലേ. ഞാൻ ഇത്രയും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ എനിക്കെതിരെ പരാതി നൽകൂ. എനിക്ക് പിആർ വർക്ക് ചെയ്യാനുള്ള പണമൊന്നുമില്ല. നിങ്ങളെ പോലെ രാഷ്ട്രീയ പിന്തുണയും എനിക്കില്ല. ഒരിക്കൽ ചെന്നൈയിൽ വച്ച് നിങ്ങളുടെ പൊലീസ് എന്നെ ഭീഷണിപ്പെടുത്തി. കേരളത്തിൽ നിന്നുള്ള ഒരു പൊലീസ് ഓഫീസർ എന്റെ മാതാപിതാക്കളെ വിളിച്ച് എന്നെ വന്ന് കൂട്ടിക്കൊണ്ടു പോകാൻ വരെ പറഞ്ഞു. ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഞാൻ നിങ്ങളുടെ ഭാര്യ അല്ലെന്നല്ലേ നിങ്ങൾ പറയുന്നത്. അപ്പോൾ എന്റെ സമ്മതമില്ലാതെ നിങ്ങൾ എന്ത് ചെയ്താലും പീഡനമാണെന്നാണ് ഞാൻ കരുതുന്നത്. അതുപോലെ പണം നൽകിയുള്ള കരൾ മാറ്റിവെക്കൽ നിയമവിരുദ്ധമാണെന്ന് തോന്നുന്നു. എനിക്കറിയില്ല. ആളുകൾ അങ്ങനെ പറയുന്നതിനാൽ എനിക്കും സംശയമുണ്ട്. എനിക്ക് ക്രൈം ആയിട്ടാണ് തോന്നിയത്. എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിലും കമന്റ് ചെയ്യുക. എന്റെ പോസ്റ്റ് ഗുരുതരമായ ക്രൈം ആണെങ്കിൽ ജയിലിൽ പോകാൻ തയ്യാറാണ്.
ഞാൻ ഭയന്നിരുന്നു. ഇപ്പോൾ ഞാൻ നിയമപരമായി മുന്നോട്ട് പോയാൽ അവർ ചോദിക്കുക അപ്പോൾ എന്തുകൊണ്ട് പറഞ്ഞില്ല എന്നാകും. ചെന്നൈയിൽ വച്ച് പൊലീസ് സ്‌റ്റേറ്റ്‌മെന്റ് എടുത്തുവെന്നാണ് തോന്നുന്നത്. അവർ ഞാൻ എന്തുകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് ചോദിച്ചിരുന്നില്ല. ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ഈ എഴുത്തല്ലാതെ തെളിവില്ല. കാരണം എന്നെ ആരും ആശുപത്രിയിൽ കൊണ്ടു പോയിരുന്നില്ല. എന്റെ മാനസികാവസ്ഥ ശരിയല്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനാൽ നിങ്ങൾക്ക് ഈ എഴുത്ത് തെളിവായി എടുക്കാം', എലിസബത്ത് ആരോപിച്ചു.